ആദ്യമേ തന്നെ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തോട്ടെ. നല്ല പാത്ര സൃഷ്ടിയോടെയുള്ള ഒരു പ്രണയ കഥ, അത് സിനിമയിലായാലും കഥകളിലായാലും ഒരുപാട് എന്ജോയ് ചെയ്യുന്ന ഒരാളാണ് ഞാന്‍.......................,. അതുകൊണ്ട് തന്നെയാണ് വിനീത് ശ്രീനിവാസന്‍ 'ഉമ്മച്ചി കുട്ടിയെ പ്രേമിച്ച നായരുടെ കഥ' എന്ന ടാഗ് ലൈനോടെ "തട്ടത്തിന്‍ മറയത്ത് " എന്ന പ്രണയ കഥ എടുക്കുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷവും ഒപ്പം അല്പം ആശങ്കയും ഉണ്ടായത്. കുറച്ചധികമായി പ്രണയ കഥകള്‍ എന്ന പേരില്‍ മലയാളത്തില്‍ പടച്ചു വിടപ്പെട്ട സൃഷ്ട്ടികള്‍ കണ്ട ഒരാള്‍ക്ക് അങ്ങിനെ തോന്നിയതില്‍ തെറ്റെന്തെങ്കിലും ഉണ്ടെന്നു ആരും പറയും എന്ന് തോന്നുന്നില്ല..
സിനിമയുണ്ടായ കാലം മുതല്‍ക്കുള്ള പണക്കാരി നായികയെ പ്രേമിക്കുന്ന ദാരിദ്രവാസിയായ നായകന്‍റെ കഥ തന്നെയാണ് തട്ടത്തിന്‍ മറയത്തും പറയുന്നത്. നായിക അതി സുന്ദരിയാണ് , വഴിയെ പോകുന്ന ആര്‍ക്കും കേറി പ്രേമിക്കാന്‍ തോന്നുന്നത്ര സുന്ദരി(എനിക്കും തോന്നി), സുന്ദരി മാത്രമല്ല കലാകാരിയുമാണ്. ഇന്ഗ്ലിഷിലും സംഗീതത്തിലും പടം വരയിലും ഒക്കെ പുലി. നായകന്‍, വെല്‍, ഭൂരിപക്ഷമായ അലവലാതി സമൂഹത്തിലെ ഒരു അംഗം.ക്ലാസുകളില്‍ "ഇരുന്നു" പഠിക്കുന്ന, പ്രത്യേകിച്ചു കഴിവുകള്‍ ഒന്നുമില്ലാത്ത ഒരാള്‍. . നായരാണ്, ദൈവ വിശ്വാസിയാണ്, പക്ഷെ നല്ലൊരു കമ്മ്യൂണിസ്റ്റും ആണ്. ഇവര്‍ തമ്മില്‍ കാണുന്നു. യുഗാരംഭം മുതല്‍ക്കുള്ള പ്രണയം എന്ന വികാരം നായകനെ പിടികൂടുന്നു.സ്വന്തം ജീവിതം തന്റെ ഇഷ്ടപ്രകാരം ആയിരിക്കണം എന്ന് നിര്‍ബന്ധമുള്ള നായിക, നായകന്‍റെ ചില കോപ്രായങ്ങള്‍ കണ്ടിട്ടാണോ അതോ വേറെന്തെങ്കിലും കൊണ്ടാണോ എന്തോ , നായകനെ പ്രണയിക്കുന്നു. കമിതാക്കള്‍ക്കിടയില്‍ നിശ്ചയമായും കടന്നു വരേണ്ട വ്യവസ്ഥായികമായിട്ടുള്ള ഇടപെടലുകള്‍ പ്രണയത്തിനു തടയിടുന്നുണ്ടെങ്കിലും , ആന്‍ഡ് ദേ ലിവ്ഡ് ഹാപ്പിലി എവര്‍ ആഫ്ടെര്‍ എന്ന ഹാപ്പി എന്ടിങ്ങിലേക്ക് കഥ എത്തുന്നു.
ഇങ്ങനെ പറഞ്ഞു പഴകിയ ഒരു കഥ കണ്ടു മടങ്ങുമ്പോള്‍ ഞാനുള്‍പ്പെടെയുള്ള പ്രേക്ഷകര്‍ക്ക് കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഇറങ്ങിയ ഏറ്റവും നല്ല പ്രണയകഥ , അല്ലെങ്കില്‍ അനിയത്തിപ്രാവിനു ശേഷം ഇറങ്ങിയ ഏറ്റവും നല്ല പ്രണയ ചിത്രം എന്ന് തോന്നുന്നിടത്താണ് വിനീത് എന്ന സംവിധായകന്‍ വിജയിക്കുന്നത്.
നായിക പ്രണയം തുറന്നു പറയുന്ന ഭാഗം വരെയുള്ള രംഗങ്ങളാണ് ഈ സിനിമയില്‍ ഏറ്റവും നന്നായി എനിക്ക് അനുഭവപ്പെട്ടത്. പലപ്പോഴായി ഞാന്‍ തന്നെ അനുഭവിച്ചിട്ടുള്ള കാര്യങ്ങള്‍, എന്റെ മാത്രം അനുഭവമാവില്ല അത്, പ്രണയിച്ചിട്ടുള്ള, അല്ലെങ്കില്‍ പ്രണയിക്കാന്‍ ശ്രമിച്ചിട്ടുള്ള ഓരോരുത്തര്‍ക്കും അങ്ങിനെ തോന്നിയേക്കാം.
നായികയുടെ ഒരു നോട്ടം, ആ നോട്ടം ഉയര്‍ത്തി വിടുന്ന എനര്‍ജി, ഇരിക്കാനും, നിക്കാനും, കിടക്കാനും, ഉറങ്ങാനും, ഒന്നും കഴിയാത്ത അവസ്ഥയിലെക്കെത്തിക്കുന്നു , എപ്പോഴും ഒരു സ്വപ്നലോകത്തിരിക്കുന്ന പ്രതീതി. ഈ രംഗങ്ങള്‍ ഒക്കെ അനുഭവ വേദ്യമാക്കുന്നതില്‍ നിവിന്‍ പോളിയും സുഹൃത്തുക്കളുടെ റോളുകളിലെത്തിയ അജു വര്‍ഗീസും പേരറിയാത്ത മറ്റു രണ്ടു പേരും വഹിച്ച പങ്കു വളരെ വലുതാണ്..
എല്ലാ പ്രണയത്തിലും കമിതാക്കളോടൊപ്പം അല്ലെങ്കില്‍ അവരെക്കാള്‍ ആ കഥയെ അനുഭവവേദ്യമാക്കുന്നത്/നശിപ്പിക്കുന്നത് അവരുടെ സുഹൃത്തുക്കളാണ്. ഇവിടെയും അങ്ങിനെ തന്നെ.അജു വര്‍ഗീസിന്റെ/സണ്ണി വയിനിന്റെ ക്യാരെക്ടര്‍ പോലെ സുഹൃത്തുക്കള്‍ ശരിക്കും എല്ലാവര്ക്കും ഉള്ളതല്ലേ? എനിക്കുണ്ട് :)
എല്ലാ പ്രണയത്തിലും കമിതാക്കളോടൊപ്പം അല്ലെങ്കില്‍ അവരെക്കാള്‍ ആ കഥയെ അനുഭവവേദ്യമാക്കുന്നത്/നശിപ്പിക്കുന്നത് അവരുടെ സുഹൃത്തുക്കളാണ്. ഇവിടെയും അങ്ങിനെ തന്നെ.അജു വര്‍ഗീസിന്റെ/സണ്ണി വയിനിന്റെ ക്യാരെക്ടര്‍ പോലെ സുഹൃത്തുക്കള്‍ ശരിക്കും എല്ലാവര്ക്കും ഉള്ളതല്ലേ? എനിക്കുണ്ട് :)
രണ്ടാം പകുതിയില്‍ കഥ മത സാമൂഹിക തലങ്ങളുടെ മെലോ ഡ്രാമ യിലേക്ക് പോകും എന്ന് തോന്നിച്ചെങ്കിലും ഭഗത് വന്നതോട് കൂടി വീണ്ടും ട്രാക്കിലെത്തി. മനോജ് കെ ജയന്റെ കഥാപാത്രം (പോലീസുകാരിങ്ങനെ ഒക്കെ ചെയ്യുമോ എന്ന് തോന്നിച്ചെങ്കിലും) നന്നായിരുന്നു.
നായികക്ക് നായകന്‍റെ പ്രണയത്തിനു നിന്ന് കൊടുക്കുക എന്നതല്ലാതെ പ്രത്യേകിച്ചഭിനയിക്കേണ്ട ആവശ്യം ഉണ്ടായില്ല.മുഴുവന്‍ പടത്തിലും സംസാരിക്കാനായിട്ട് അവര്‍ വാ തുറക്കുന്നത് അഞ്ചോ ആറോ തവണയാണ്. നായരുടെ കഥയായതുകൊണ്ടു അത് കല്ലുകടിയായതും ഇല്ല.
പക്ഷെ ഇവരെക്കാളൊക്കെ ഉപരി വിനീത് കഴിഞ്ഞാല്‍ ഈ സിനിമയെ അനുഭവിപ്പിച്ചതില്‍ മുഖ്യ പങ്കു വഹിച്ചത് സംഗീത സംവിധാനം നിര്‍വഹിച്ച ഷാന്‍ റഹ്മാനും ക്യാമറമാന്‍ ജോമോന്‍ ടി ജോണുമാണ്.
നല്ല പാട്ടുകള്‍, ചിത്രത്തോട് ചേര്‍ന്ന് പോകുന്ന വിഷ്വലുകള്‍, യാഥാര്‍ത്യത്തോടോട്ടി നില്‍ക്കുന്ന കഥാപാത്രങ്ങളും സംഭാഷണങ്ങളും, അതിനു ചേര്‍ന്ന നടീനടന്മാരും എന്താണ് തനിക്കാവശ്യം എന്നറിയാവുന്ന ഒരു സംവിധായകനൊപ്പം ചേര്‍ന്നപ്പോള്‍ "തട്ടത്തിന്‍ മറയത്ത്" ഉണ്ടായി.
പോസിടിവുകള്‍ മാത്രം പറഞ്ഞു ഒരു പ്രോമോഷണല്‍ റിവ്യൂ എഴുതുകയായിരുന്നില്ല ലക്‌ഷ്യം, പക്ഷെ എഴുതി വന്നപ്പോള്‍ പോസിടിവുകള്‍ ആണ് കൂടുതല്‍.. അതിനര്‍ത്ഥം നെഗടിവസ് ഇല്ല എന്നല്ല. സിനിമ കണ്ടു തീയറ്ററില്‍ നിന്നിറങ്ങുന്നത് വരെ അങ്ങിനെ ഒന്നും തോന്നില്ല എന്ന് മാത്രമാണ്. പ്രണയിച്ചവര്‍ക്ക് ഓര്‍മ്മകള്‍ അയവിറക്കാനും പ്രണയിക്കാത്തവര്‍ക്ക് നഷ്ടബോധത്തില്‍ നീന്തിക്കുളിക്കാനും ഇനി പ്രണയിക്കാന്‍ ഉള്ളവര്‍ക്ക് സ്വപ്നം കാണാനും തട്ടത്തിന്‍ മറയത്ത് ഒരു ചൂണ്ടു പലകയാണ്, ഒരു രണ്ടു മണിക്കൂര്‍ നേരത്തേക്കെങ്കിലും.....!