ഒന്ന്.
ദൂരങ്ങള്‍ ഒക്കെ നമുക്ക് തന്നെ നടന്നു തീര്‍ക്കാനുള്ളതാണ്.
നടന്നു തുടങ്ങുമ്പോഴും തീരാറാവുമ്പോഴും തീര്‍ന്നു കഴിഞ്ഞാലും ആരെങ്കിലും കൂടെയുണ്ടാവുമെങ്കിലും നമ്മുടെ ദൂരം നമ്മള്‍ തന്നെ നടന്നു തീര്‍ക്കണം. ആള്‍ക്കൂട്ടത്തില്‍ തനിയെ ആയത് പോലെയാണ്, നമ്മള്‍ നമ്മുടെ ലക്ഷ്യത്തിലേക്ക് നടന്നു കയറുന്നത്.
ഒരു ലക്ഷ്യവുമില്ലാത്തവനാണ് ഞാന്‍ എന്ന് പറയാറുണ്ട്, പലരും. ഞാനും അങ്ങെനെ ഒരാളായിരുന്നു. ലക്ഷ്യം എന്താണ് എന്നാരെങ്കിലും ചോദിച്ചാല്‍, ഇങ്ങനത്തെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കുക എന്നും പറഞ്ഞു നടന്നകന്നിരുന്ന ഒരുകാലം.ആ പറച്ചിലും നടത്തവും ഒരു ലക്ഷ്യത്തിന്റെ ചെറു കഷണങ്ങള്‍ ആയിരുന്നു എന്ന് അപ്പോള്‍ മനസിലാക്കാന്‍ ആവതുണ്ടായിരുന്നില്ല.
പുനര്‍വിചാരങ്ങളുടെ കാലമാണ്.
ആത്മാവില്‍ അഹത്തിനെ കുഴിച്ചുമൂടി, സാത്വികനായിരിക്കുകയാണ്.
രാജസ്വിയില്‍ നിന്നും സാത്വികനിലെക്കൊരു യാത്ര.
അടഞ്ഞു തുടങ്ങിയ മിഴികളില്‍ നീരുറവ പൊടിഞ്ഞിരുന്നു. തുടക്കാന്‍ മിനക്കെട്ടില്ല.. മൂകാംബികയിലെ തണുപ്പ് ഉള്ളിലെ ചൂടിനെ പതുക്കെ ആറ്റി അകറ്റുന്നു. തണുപ്പ് ഒരാശ്വാസമാണ്. മഴ പെയ്ത മാനം ഇനിയും തെളിഞ്ഞിട്ടില്ല. സൌപര്‍ണികയിലെ വെള്ളം കലങ്ങിയാണ് ഒഴുകുന്നത്. ഒന്ന് മുങ്ങി നിവര്‍ന്നാല്‍ പാപങ്ങള്‍ കഴുകിപ്പോകുമോ? അറിയില്ല.
കാലം തെറ്റിയ മഴ, മൂടല്‍ മഞ്ഞിനെ അകറ്റി നിര്‍ത്തിയിരുന്നു. പൂര്‍വാധികം ശക്തിയോടെ അവ തിരിച്ചെത്തുകയാണ്.ദേവികയെ മൂടല്‍ മഞ്ഞിനിടയില്‍ കാണാതായി. ഹൃദയം ചെറുതായി വിറ കൊണ്ടു. കാലമിത്രകഴിഞ്ഞിട്ടും ഒരു നിമിഷം അവളെ കാണാതായാല്‍ മനസിന് ചെറിയ വിങ്ങലാണ്, അകാരണമായ ഭയവും.
കണ്ണടച്ചു. തണുപ്പ് കൂടി വരുന്നു. സുഖകരമായ ഭക്തി ഗാനങ്ങള്‍ ഒഴുകി വരുന്നുണ്ടോ? അതും മലയാളത്തില്‍. നിശബ്ദതയെ തകര്‍ക്കുന്നു എങ്കിലും ഈ അവസരത്തില്‍ ആസ്വാദ്യകരമായി തോന്നി. അല്ലെങ്കിലും ദാസേട്ടന്റെ ശബ്ദത്തില്‍ സെമിക്ലാസിക്കല്‍ ഗാനങ്ങള്‍ കേള്‍ക്കാന്‍ ആര്‍ക്കാണിഷ്ട്ടമില്ലാതാവുക?
പ്രമദവനം പാടി ഗ്രീഷ്മയെ വശത്താക്കിയ കഥ എനിക്കെങ്ങനെ മറക്കാന്‍ സാധിക്കും..!
ഗ്രീഷ്മ, ആനക്കാരന്‍ അച്യുതന്‍ കുട്ടിയുടെ മോള്‍. ഒരുത്സവത്തിനു തുടങ്ങി മറ്റൊരു ഉത്സവം വരെ ഉണ്ടായിരുന്ന ഒരു ക്രേസ്. ഹൃദയത്തിന് മേല്‍ വരച്ച മഞ്ഞുതുള്ളി. രാജസ്വി ഉണരുകയാണോ.?
തണുത്ത കാറ്റിനെ പിന്നിലാക്കി ഒരു കരം നെറ്റിയില്‍ പതിഞ്ഞു. കണ്ണ് തുറക്കണ്ട ആരാണെന്നറിയാന്‍, ദേവികയാണ്. ഏതു വേനലിനും മായ്ക്കാന്‍ കഴിയാത്ത ചന്ദനത്തിന്റെ തണുപ്പുള്ള കൈകള്‍ സ്വന്തമായുള്ളവള്‍, എന്റെ പുണ്യം.
എന്നാണു ദേവികയെ ആദ്യമായി കണ്ടത്?
അവള്‍ അടുത്തേക്കിരുന്നു.കൈകള്‍ എന്റെ കൈകളോട് ചേര്‍ത്തു പിടിച്ചു.
“നടക്കണോ”
“വേണ്ട, ഇവിടിങ്ങിനെ ഇരിക്കാം. ഈ തണുത്ത കാറ്റും കൊണ്ട് ഇങ്ങനെ ചേര്‍ന്നിരിക്കുന്ന സുഖം കിട്ടില്ലല്ലോ” അവള്‍ പറഞ്ഞു.
ദേവികയെ ആദ്യമായി കണ്ടത് 96ല്‍ ആണ്. ബോംബെ മുംബൈ ആയി മാറി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍. കൃത്യമായി പറഞ്ഞാല്‍ അന്ധേരി സ്പോര്‍ട്സ് കോമ്പ്ലക്സില്‍ നവംബര്‍ ഒന്നാം തിയതി. മൈക്കല്‍ ജാക്സന്റെ കണ്‍സെര്ട്ടിനിടയില്‍. ഇരുപത്തൊന്‍പതാമത്തെ വയസില്‍ അതിനു തലേക്കൊല്ലം സ്ടോക്ക് മാര്‍ക്കറ്റിന്റെ ഉള്ളുകള്ളികള്‍ പഠിക്കാനായി ബോബെക്ക് വണ്ടി കയറിയതാണ്. ഹര്‍ഷദ് മേഹ്ത്തയുടെ സ്റ്റാര്‍ ഇമേജ് കണ്ടു ആകൃഷ്ട്ടരായി ബോംബയ്ക്ക് വണ്ടികയറിയ അനേകരില്‍ ഒരാള്‍. അഗര്‍വാള്‍ ഫെംസില്‍ കൈകുത്തി നടക്കുമ്പോഴാണ് ആ ഷോക്ക് ടിക്കറ്റ് കിട്ടുന്നത്. ആരായിരുന്നു അവന്‍? ഓര്‍മ്മയില്ല. എന്തിനാണ് ഞാന്‍ കൂടെപ്പോയത്?
“ഞാന്‍ അന്ന് മൈക്കില്‍ ജാക്സന്റെ കച്ചേരിക്ക് എങ്ങനെ വന്നൂ എന്ന് ഓര്‍മ്മയുണ്ടോ?”
“പിന്നില്ലാതെ. ജീവിതം മാറ്റി മറിച്ച ദിവസം അല്ലേ, മറക്കാന്‍ പറ്റ്വോ” കിഷോര്‍ ഗുലാത്തിയുടെ വൈഫിന്റെ പാസിലാണ് നിങ്ങള്‍ വന്നത്.”
“യെസ് യെസ്, അവന്റെ വൈഫ് അവന്റെ ചേതക്കില്‍ നിന്ന് വീണു, നടു ഉളുക്കിയിരുന്ന സമയം.അന്നാ ടിക്കറ്റ് കിട്ടീലാരുന്നെങ്കില്‍ നമ്മള്‍ ചിലപ്പോ ഒരിക്കലും കാണില്ലാരുന്നു, അല്ലേ?”
“ചിലപ്പോ”
“പിന്നെ ഒരിക്കലും മൈക്കില്‍ ജാക്സന്റെ ഒരു കണ്സേര്റ്റ് കാണാന്‍ പറ്റീട്ടില്ല. “
“അന്ന് നമ്മള്‍ എന്തോ കണ്ടത് പോലെ”
ശരിയാണ്. അന്ന് ഞങ്ങള്‍ മുഴുവന്‍ സമയവും കണ്ണില്‍ നോക്കിയിരുന്നാണ് ചിലവാക്കിയത്. ചുറ്റും നടക്കുന്നതൊന്നും അറിയാതെ. ഞാനും അവളും മാത്രം. അറുപതിനായിരത്തോളം വരുന്ന ബാക്കി കാണികളെ ഞങ്ങള്‍ കണ്ടില്ല. അതിലുമധികം വരുന്ന പുറത്ത് തിക്കി തിരക്കിയിരുന്ന ആള്‍ക്കാരും ഞങ്ങള്‍ക്ക് പ്രശ്നമായിരുന്നില്ല.
“നമ്മള്‍ എങ്ങനെ ആണ് കണ്ടു മുട്ടിയത് എന്നോര്‍മ്മയുണ്ടോ?”
“ബൈ ആക്സിടന്റ്റ് അല്ലേ?”
അതേ, പ്യുവര്‍ ആക്സിടന്റ്റ്. എന്റെ ഉള്ളില്‍ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു. പക്ഷെ ചുണ്ടില്‍ വിരിഞ്ഞ ചിരി അവള്‍ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു.
“എന്താ ഇപ്പൊ ഒരു ചിരി?”
ചോദ്യം ഞാന്‍ വ്യക്തമായി കേട്ടില്ല. മുംബൈ എന്ന് പറയാന്‍ നാവു വഴങ്ങാതിരുന്ന കാലത്തിലേക്ക് മനസുകൊണ്ടുള്ള പ്രയാണം അപ്പഴേക്കും തുടങ്ങിക്കഴിഞ്ഞിരുന്നു ഞാന്‍.
ഒരു ദീര്‍ഘനിശ്വാസത്തോടെ ചാഞ്ഞിരുന്നു.
തുടരും.
No comments:
Post a Comment