Friday, October 5, 2018

Memmories

പിടുത്തം തരാതെ വഴുതി മാറുന്ന പരൽ മീനുകളെ പോലെ ഓർമ്മകൾ.
കഴിഞ്ഞ കാലങ്ങളെ കുറിച്ച് ഓർക്കുന്നത് ഒരു രസമുള്ള പരിപാടിയാണ്. സുഖമുള്ളതോ അല്ലാത്തതോ ആയ കാര്യങ്ങൾ ആയാൽ പോലും. ഓർമ്മകൾ സുഖമാണ്. ഇന്നെവിടെ നിൽക്കുന്നു എന്ന് മനസിലാക്കിക്കും ചിലപ്പോൾ. എത്ര ദൂരം ഇനിയും പോകാൻ ഉണ്ടെന്ന് ഓർമ്മിപ്പിക്കും മറ്റു ചിലപ്പോൾ.
കഴിഞ്ഞ ദിവസം, ടെറസിൽ കയറി നിന്ന് വൈകുന്നേര കാഴ്ചകളിലേക്ക് മിഴി നീട്ടിയപ്പോളാണ് ഒരു വ്യാഴവട്ടത്തിന്റെ ഓർമ്മകൾ തികട്ടി വന്നത്.
വീടിനോട് ചേർന്ന് കിടക്കുന്ന അടുത്ത പുരയിടം ഒരു റബർ തോട്ടമായിരുന്നു മുൻപ്. ഒരുപാട് ഓടിക്കളിച്ചിരുന്ന റബർ തോട്ടം. ഇന്നത് പല പ്ലോട്ടുകളായി തിരിഞ്ഞു കിടക്കുന്നു, കാപ്പ, വാഴ ഒക്കേ കൃഷി ചെയ്തിട്ടുണ്ട് ചിലഭാഗത്ത്, ബാക്കി വെറുതെ കിടക്കുന്നു. ഒരു വീട് പൊന്തിയിട്ടുണ്ട്, ഒരു വീടിനുള്ള തറ കെട്ടിയിരിക്കുന്നു. മുൻപ് വീട്ടിൽ നിന്നാൽ കാണാൻ പറ്റില്ലായിരുന്നു മെയിൻ റോഡ്, മരങ്ങൾ കാരണം, ഇപ്പോൾ കാണാം.
സ്‌കൂൾ വിട്ടു നടന്നു വരുമ്പോൾ, പിന്നാലെ വരുന്ന ക്രഷിനെ കാണാൻ വേണ്ടി ഓടിക്കയറിയിരുന്ന പ്ലാവ് അങ്ങനെ തന്നെ നിൽക്കുന്നുണ്ട്. പണ്ടത്തേതിനേക്കാൾ ക്ഷീണിച്ചോ? ഇരമ്പിറക്കിയതാണ്. മരങ്ങൾക്ക് വലിയ മാറ്റങ്ങൾ ഒന്നുമില്ല. പ്ലാവുകൾക്കും മാവുകൾക്കും ഉയരം ഇത്തിരി കൂടിയതല്ലാതെ വണ്ണം അധികം വച്ചിട്ടില്ല, പതിറ്റാണ്ടുകൾ എന്താണ് ഇവറ്റകളിൽ മാറ്റങ്ങൾ വരുത്താത്തത്? പതിനഞ്ച് വർഷങ്ങൾ എന്നിലുണ്ടാക്കിയ മാറ്റങ്ങൾ എനിക്ക് തന്നെ തിരിച്ചറിയാൻ പറ്റാത്തത്രയുമാണ്. എന്തുകൊണ്ട് ഞാനും മരങ്ങളെ പോലെയാകുന്നില്ല...!
കളിവീടുണ്ടാക്കി കളിച്ചിരുന്ന ചാമ്പ ചുവട് അനാഥമായി കിടക്കുന്നു. നിറയെ കായ്ച്ചിരുന്ന ചാമ്പ വർഷങ്ങളായി  കായ്ച്ചിട്ട് .
സ്ഥിര സാന്നിധ്യമായിരുന്ന വായനശാലയും കാണാം ടെറസിനു മുകളിൽ നിന്നാൽ.98 ലോ 99 ലോ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതിനു ശേഷം പെയിന്റെ തൊട്ടിട്ടില്ല എന്ന് തോന്നുന്നു.കൃഷ്‍ണൻ കുട്ടി ചേട്ടൻ തന്നെയാവും ഇപ്പോഴും ലൈബ്രെറിയൻ . അഞ്ച് മണിക്ക് വന്നു അഞ്ചേമുക്കാലിന് ഷട്ടറിടുന്ന കൃഷ്‌ണൻ കുട്ടി ചേട്ടൻ.
വനദീപം വായനശാല എനിക്ക് ഒറ്റക്ക് നടക്കാനാവുമ്പഴേക്ക് അതിന്റെ പ്രതാപം കൈവെടിഞ്ഞിരുന്നു. പഴയ കെട്ടിടത്തിൽ കൊച്ചച്ചന്റെ കൈയും പിടിച്ച്  ആദ്യമായി ചെന്ന് കയറുമ്പോൾ അകത്ത് ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു. ചെറിയ രണ്ടു മുറികളിലെ അലമാരകളിൽ ഒരുപാട് പുസ്തകങ്ങങ്ങളും. ഹാളിലെ ടിവി കാണാൻ ആൾക്കാർ തിക്കിക്കൂടിയിരുന്നു. നാട്ടിലെ സാംസ്കാരിക സ്ഥാനമായിരുന്നു വായനശാല. 90 കളിലെ സാക്ഷരതാ മിഷന്റെ നേതൃത്വം വഹിച്ചിരുന്നവരും വായനശാലാ പ്രതിനിധികൾ തന്നെ.
പുതിയ മൂന്നുനില കെട്ടിടം വന്നു. വലിയ ഹാളുകൾ പുസ്തകം വയ്ക്കാനായി. പക്ഷെ അപ്പോഴേക്കും മറ്റേതൊരു ഗ്രാമ പ്രദേശത്തെയും പോലെ ബൈസൺ വാലിയേയും കേബിൾ ടിവി കീഴടക്കി കഴിഞ്ഞിരുന്നു.പ്ലസ്ടൂ കഴിഞ്ഞു ബൈസൺ വാലി വിട്ടു ഞാൻ പുറത്തേക്ക് പോകും വരെ എന്റെ വൈകുന്നേരങ്ങൾ അവിടെ തന്നെയായിരുന്നു പക്ഷെ. തിരിച്ചു പോരുമ്പോൾ കക്ഷത്തിൽ രണ്ടോ മൂന്നോ പുസ്തകങ്ങൾ, മറ്റാർക്കും കിട്ടാത്ത പ്രിവിലേജ്. ഒരു രാത്രിയിലേക്ക്. പഠനത്തിന്റെ ഇടവേളകളിൽ കിട്ടുന്ന രണ്ടുമാസ അവധിക്കാലത്ത് വീണ്ടും ചെല്ലുമായിരുന്നു, പിന്നെ പിന്നെ പോക്കുകൾ കുറഞ്ഞു. ജോലിക്ക് കയറിയതിനു ശേഷം പോയിട്ടേ ഇല്ല എന്ന് തോന്നുന്നു.8  വർഷങ്ങൾ. പക്ഷെ ഇപ്പോഴും അതിന്റെ ഉള്ളകകങ്ങൾ സുപരിചിതമാണ്.നീലനിറത്തിലുള്ള ഇരുമ്പിന്റെ അലമാരകൾ, നടുവിലെ ടേബിൾ, കാരംസിന്റെ ബോർഡ്, പതിയായ ചെസ് ബോർഡിലെ ഗെയിം. മെമ്പർഷിപ് പുതുക്കണം. ബന്ധങ്ങളും.
വായനശാലയുടെ ഉയർച്ചയും താഴ്ചയും പോലെ തന്നെ കൂടെ കൂട്ടാവുന്നതാണ് ബൈസൺ വാലിയുടെ വൈകുന്നേരങ്ങളെ വൈബ്രന്റ് ആക്കിയിരുന്ന വേലായുധ ടാക്കീസിനെ.
ശനിയാഴ്ച വൈകുന്നേരങ്ങളിലെ ഫസ്റ്റ് ഷോകൾ ആണ് വേലായുധ ടാക്കീസിനെ കുറിച്ചുള്ള എന്റെ ഓർമ്മകൾ. റാംജി റാവു സ്പീക്കിംഗിലെ ക്ളൈമാക്സ് ഫൈറ്റ് ആണ് കറുത്ത മുഖം മൂടി വച്ചിട്ടുള്ള, എന്റെ ആദ്യത്തെ സിനിമാ ഓർമ്മ.
മറ്റു വിനോദോപാധികൾ ഒന്നുമില്ലാതിരുന്ന സമയത്ത്, താരതമ്യേനെ നല്ല സിനിമാ പ്രേമികൾ ആയിരുന്ന മാതാപിതാക്കൾ ഉണ്ടായിരുന്നത് വലിയ അനുഗ്രഹമായിരുന്നു. ശനിയാഴ്ച എന്നൊരു ദിവസം ഉണ്ടെങ്കിൽ, തീയറ്ററിൽ പുതിയ മലയാളം മൂവി ആണെങ്കിൽ ഞങ്ങൾ നാല് പേർ  തീയറ്ററിൽ ഉണ്ടായിരിക്കും.ടിക്കറ്റ് ഒക്കെ എടുക്കുന്നതിനു മുന്നേ ഞങ്ങൾ അമ്മയും മക്കളും ഹാളിൽ കയറി ഇരിക്കും. അന്ന് സ്ഥിരമായി വരുന്നവർക്കെല്ലാം മാധവൻ ചേട്ടൻ ഈ സൗജന്യം അനുവദിച്ച് കൊടുക്ക്കാറുണ്ടായിരുന്നു. 2001 ലോ 02 ലോ തീയറ്റർ അടച്ചു പൂട്ടുന്നത് വരെ ഈ പതിവ് തുടർന്നു .
പറഞ്ഞു വന്നത് പിടി തരാതെ വഴുതി പോകുന്ന ഓർമ്മകളെ കുറിച്ചാണ്.
ആൾക്കാരുടെ പേരുകൾ ആണ് ഏറ്റവും വലിയ വഴുതൽ വീരന്മാർ. കൂടെ പഠിച്ച ഒരുപാട് പേരുടെ അന്നത്തെ മുഖം ഓർമ്മയിലുണ്ടെങ്കിലും പേരുകൾ ഇല.എന്തിനു അധികം പിന്നോട്ട് പോകണം, ഫേസ്‌ബുക്കിൽ ഫ്രെണ്ട്സ് ലിസ്റ്റിൽ ഉള്ള പകുതിയോളം പേരെ കണക്ട് ചെയ്യാനേ സാധിക്കുന്നില്ല. ചില പോസ്റ്റുകളിലെ ലൈക്കുകളിലും കമന്റുകളിലും കാണുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കും ആരാണിവർ, എങ്ങനെ നമ്മൾ ഫ്രെണ്ട്സ് ആയി എന്ന്. ചിലരുടെ പോസ്റ്റുകൾ ടൈം ലൈനിൽ വരുമ്പോളും ഓർക്കും, എങ്ങനെ എന്ന്..!! മിക്കവാറും പേർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടാകാം എന്നാണു എന്റെ ഒരു തോന്നൽ. ആ ഒരു എക്സ്ക്യൂസിൽ രക്ഷപെട്ടു പോകാം 
ദൈവം സഹായിച്ച് എനിക്ക് ക്രഷ് ഉണ്ടായിരുന്നവരെയും എന്നോട് ക്രഷ് ഉണ്ടായിരുന്നവരെയും നല്ല ഓർമ്മയുണ്ട്, ടച്ചിൽ ഇല്ലാ എങ്കിൽ പോലും :)

No comments:

Post a Comment