Saturday, April 10, 2010

മുന്‍പേപറക്കുന്ന(പറപ്പിക്കുന്ന) പക്ഷികള്‍....

പതിയെ തുറക്കുന്ന ജാലകത്തിന്‍ മുന്നില്‍
ഒരു മാത്ര എന്തിനോ കാത്തു നിന്നു..
അറിയാതെ നോവും പ്രതീക്ഷയും കാത്തുവച്ചൊരു
പിന്‍ വിളിക്കായി ഓര്‍ത്തുനിന്നു...
നരകമേ തുറക്കുക നിന്‍ കവാടം,
ഭൂമിയില്‍ എനിക്കായി ഇനി ആരുമില്ല..
എല്ലാം നശിച്ചു അല്ല, നശിപ്പിച്ചീ
കൈകള്‍കൊണ്ട്, എന്തിനു?, ചോദിക്കരുതെന്നോട്....

കാത്തിരുപ്പിനവസാനം, എനിക്കായി വന്നു കയറിയ മരണവും,
എന്നെ കൈവേടിഞ്ഞാരുടെയോ കൂടെ ചൂതാടനീറങ്ങിപ്പോയി.
ഇറ്റിറ്റുവീഴുന്ന ചോരത്തുള്ളികള്‍ നിറഞ്ഞൊരീ അരിവാള്‍ എവിടെ ഞാനുപെക്ഷിക്കും,
ആരിതെനിക്കുവേണ്ടി, എന്നിലെക്കാവാഹിക്കും....
എന്‍ പ്രിയരെയെല്ലാം കൊന്നൊടുക്കി ഞാനിവിടെ എന്റെ ഊഴവും കാത്തിരിക്കുന്നു,
മരണമേ വരിക, ഏറ്റെടുക്കുക എന്നെ, നിന്റെ കൈകളാല്‍......
നരകമേ തുറക്കുക നിന്‍ കവാടം,
ഭൂമിയിലെനിക്കായിയിനി ആരുമില്ല..........

ഇതൊരു കവിതയാണോ സമനില തെറ്റിയ മനസ്സിന്റെ ജല്പനങ്ങളാണോ എന്നറിയില്ല എങ്കിലും, മരണമടുത്തപ്പോള്‍, പ്രിയപ്പെട്ടവരെല്ലാം ഇല്ലതെങ്ങനെ എന്ന് വിചാരിച്ച ഒരു പാവം ചേട്ടന്‍, അവരെയെല്ലാം മുന്‍പേ അയച്ചു തന്റെ ഊഴം കാത്തിരിക്കുന്നതായാണ് എഴുതിയത്...സംഭവം ഉത്തരാധൂനികമാ.....മനസ്സിലായില്ലെങ്കില്‍........

Tuesday, April 6, 2010

കഥയില്ലായ്മയുടെ കാണാ പ്പുറങ്ങളില്‍ ഒരു പ്രണയം...അഥവാ വലിക്കുമ്പോള്‍ നല്ല 'നീലച്ചടയന്‍' തന്നെ വലിക്കണം.........



ഹൃദയം കൊണ്ടെഴുതുന്നവയാണ് ഓരോ പ്രണയ കാവ്യങ്ങളും....
എഴുതുന്നതില്‍ സത്യമുണ്ടെങ്കില്‍ അനുഭവങ്ങളുടെ നോവും സുഖവുമുന്ടെങ്കില്‍, ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങി ചെന്ന് വായനക്കാരന്റെ ഹൃദയത്തിലൂടെ കുളിര്‍മഴ പെയ്യിച്ച് ആത്മചേതനയുടെ അന്തരാളങ്ങളില്‍ വിശുദ്ധ വികാരങ്ങളുമായി സംവദിക്കാന്‍ സാധിക്കും എഴുത്തുകാരന്.....


'സാന്ദ്രമായ മൌനത്തിന്റെ ഭാരവും പേറിക്കൊണ്ടു കടലിനെ താണ്ടിയെത്തിയ കാറ്റ് അവളുടെ മുടിയിഴകളുമായി സല്ലാപത്തിനു ശ്രമിച്ചു...
ഓരോ മണല്‍ തരികളായി പെറുക്കിയെറിഞ്ഞു കടലിനെ നികത്താന്‍ ശ്രമിക്കുന്ന അവനെ സഹായിക്കാന്‍ പോയിട്ട് ഒന്ന് ശ്രദ്ധിക്കാന്‍ പോലും അവള്‍ക്ക് തോന്നിയില്ല.....'


"എടാ, എഴുത്തുകാരാ, നാറി, കടലിനെയും നോക്കിയിരിക്കുന്ന അവളെയും, അവളെ നോക്കിയിരിക്കുന്ന അവനെയും നീ ഒരു പാട് നാളായി കഷ്ടപ്പെടുതുന്നു. എടാ, ഈ സൂര്യന് താഴെ എത്രയോ നല്ല കാര്യങ്ങളുണ്ട് എഴുതാന്‍? അതൊന്നും വേണ്ട, കടലിലേക്കും വായിനോക്കിയിരിക്കുന്ന അവളും അവനും, ഇല്ലെങ്കില്‍ കടലില്‍ കുളിക്കുന്ന അവളും കപ്പലണ്ടി വില്‍ക്കുന്നവനും....അറ്റ്‌ ലീസ്റ്റ് സ്ടലവെങ്കിലും മാറ്റടെ......"
എന്റെ ഹൃദയത്തിന്റെ ചെതോവികാരത്തെ മാനിക്കാതെ, രക്തം പുരട്ടിയെഴുതിയ എന്റെ കൃതിയെ, മൃഗീയമായി ബലാല്‍സംഗം ചെയ്യുന്നവന്റെ മുഖത്തേക്ക് ഞാനെന്റെ ഇടം കന്നുകൊണ്ടോന്നു നോക്കി..'ഇതാരാ  ഈ ക്ഷുദ്രകീടം'?
എന്റെ സുഹൃത്തെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന അനേകം പേരിലോരുവന്‍. മറുപടി അര്‍ഹിക്കാത്ത പ്രസ്താവനയാണ് എങ്കിലും പീഡിപ്പിക്കപ്പെട്ടവളുടെ ആത്മരോധനത്തെപ്പോലെ എന്റെ ഇടനെഞ്ചില്‍ നിന്നും വാക്കുകള്‍ ഉതിര്‍ന്നു വീണു...
"പ്രണയം പ്രകൃതി നിയമമാണ്. നിയതിയുടെ നിയന്ത്രണത്തിന്റെ കെട്ടുപാടുകളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന രണ്ടു മനസ്സുകളുടെ കൂടിച്ചേരലാണ് പ്രണയം. കമിതാക്കളുടെ മനസ്സില്‍ ചെമ്പടയുടെ താളം മുറുകും പോഴാണ് എല്ലാ വിലങ്ങുകളും പൊട്ടിച്ചെറിഞ്ഞു പ്രണയം തുറന്നു പറയാന്‍ അവര്‍ ശ്രമിക്കുന്നത്. നിലാവുദിക്കാന്‍ തുടങ്ങുന്ന ചക്രവാളത്തെ നോക്കിക്കൊണ്ട്‌, അക്ഷമയായി നില്‍ക്കുന്ന അവളോട്‌ ഇഷ്ടമാണെന്ന് പറയുന്ന നായകന്‍....അല്ലെങ്കില്‍ തണുത്ത കാറ്റിലുലയുന്ന മുടിയിഴകളെ ഒതുക്കാന്‍ ശ്രമിക്കാതെ എല്ലാം തകര്ന്നവനെ പോലെ ആകാശത്തെയും നോക്കി കിടക്കുന്ന അവനോടു മറക്കാം എല്ലാം മറക്കാം എന്ന് പറയുന്ന അവള്‍....." ആവേശത്താല്‍ തോണ്ടയല്പം ഇടറിയോ? സാരമില്ല.
അവന്റെ മുഖത്തുനിന്നും എന്റെ കണ്ണുകള്‍ അഗാതതയിലേക്ക്, സോറി ഭിത്തിയിലെ കടലിന്റെ പോസ്ടരിലേക്ക് നീണ്ടു.........
"അങ്ങനെയുള്ള പ്രണയത്തിന്റെ വിവിധഭാവങ്ങളെ അതിന്റെ എല്ലാ തലങ്ങളിലും സൌന്ദര്യ സാന്ദ്രമായി വര്‍ണിക്കാന്‍ കടലിനേക്കാള്‍ ആഴമുള്ള ഒരു ബിംബത്തിനെ എവിടെക്കിട്ടും?
നിന്റെ ബാലിശമായ ആക്രോധനങ്ങള്‍ക്ക് മറുപടി പറയാന്‍ നിന്നാല്‍ എന്റെ കഥാനായകനോട് നായികക്ക് ഒന്നും ഹൃദയം തുറന്നു പറയാന്‍ സാധിക്കില്ല.."
"മാങ്ങാത്തൊലി" കടന്നു കയറ്റക്കാരന്‍ കൈകള്‍ തലയിലടിക്കുന്നു. ഹും സാഹിത്യം മനസ്സിലാവാത്ത പാവം ക്ഷുദ്രകീടം, ഒന്ന് സഹതപിച്ചേക്കാം....
"മലയാളികളുടെ പക്കാ മൂരാച്ചി സ്വഭാവമാണിത്.ആരെന്തു നല്ലകാര്യം പറഞ്ഞു ബോധാവല്കരിക്കാന്‍ ശ്രമിച്ചാലും ഏതെങ്കിലും ഒരു തൊലിയുടെയും കുലയുടെയും പേര് പറഞ്ഞു പുശ്ചിക്കുക എന്നത്....എന്താടോ നന്നാവാത്തത്...???"
ലോകം മുഴുവനും നന്നായാലും സ്വയം നന്നാവില്ല എന്ന് ദൃഡ പ്രതിന്ജ്ഞയെടുത്തു നടക്കുന്ന ഒരു സംഖമാള്ക്കാരുടെ  പ്രതിനിധി എന്ന നിലയില്‍, ചെയ്തു കൊണ്ടിരുന്ന തലയില്‍ ചൊറിയല്‍ എന്ന കര്‍മം തുടര്‍ന്നുകൊണ്ടു, എനിക്ക് മനസ്സിലാവാത്ത ഏതോ ഭാഷയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാള്‍ എനിക്കന്യമായ ഭൌതിക ലോകത്തിലേക്ക്‌ നടന്നു പോയി.
വിശപ്പിന്റെ വിളി സഹിക്കാനാവാതെയാണ് കഞ്ചാവിന്റെ പുകവലയത്തില്‍ നിന്നും ഞാന്‍ പുറത്തെക്കിരങ്ങിയത്. അനന്തമായ ഭാവനയുടെ ചിറകിലേറി ഞാന്‍ അലഞ്ഞു നടക്കുമ്പോള്‍, പ്രതിഭയുടെ കരസ്പര്‍ശനമേല്ക്കാത്ത പാവം സഹജീവികള്‍ നമ്മള്‍ക്കായി ഭൌതിക ശരീരത്തെ നിലനിര്‍ത്താനായി എന്തെങ്കിലും ചമയ്ക്കുന്നു. ആത്മാവിന്റെ നിലവിളി പുകയിലെ വളയങ്ങളായി തീര്‍ക്കുന്നതിന്റെ ഇടവേളകളില്‍ ഞാനവരെ പാഴ്വസ്തുക്കളുടെ ആധിക്യം കുറക്കാന്‍ എന്നാലാവുന്നത് ചെയ്തു കൊടുത്തു സഹായിക്കുന്നു.
യുദ്ധം ചെയ്തോടുങ്ങിയ പടക്കളത്തെ പോലെ ഗതകാല സ്മരണകളുടെ മൌനവുമായി ശൂന്യതയുടെ ഭാരവും പെറിക്കിടക്കുന്ന അടുക്കള.
പെയ്തൊഴിയാന്‍ വെമ്പി നില്‍ക്കുന്ന കാര്മേഖ കൂട്ടങ്ങളുടെ നിറവും ഈര്‍പ്പവും തങ്ങി നില്‍ക്കുന്ന, കരിപുരണ്ട പാത്രങ്ങള്‍ തിങ്ങി നിറഞ്ഞു കിടക്കുന്ന അടുപ്പിന്‍ പാതകവും അടുപ്പും. അതിന്റെ നടുക്ക് എന്നോ അണഞ്ഞുപോയ കനലുകളില്‍ നിന്നും ഉണ്ടായ ചാരത്തില്‍ സുഖസുശുപ്തിയുടെ ആലസ്യത്തിലമര്‍ന്നു കിടക്കുന്നു ഒരു പൂച്ച!
'എന്ത്...............എന്റെ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ ഭൌതിക ജീവിതത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞു ആദ്മീയതയുടെ വഗ്ദത്തഭൂമിയിലേക്ക് പോയിഎന്നോ??' വിശ്വസിക്കാന്‍ സാധിക്കുന്നില്ല.
മായയുടെ കെട്ടുപാടുകളില്‍ നിന്നും വിമുക്തരാകാതെ ടെലിവിഷത്തിന്റെ പിടിയില്‍ കിടന്നു പിടയുന്നു പാവങ്ങള്‍.! എന്തിനാണ് അവര്‍ മുഖം ചുളിക്കുന്നത്?

"ഗതകാലസ്മൃതികളുടെ ഭാരവും പെറിക്കിടക്കുന്ന അടുക്കളയിലെ പാത്രങ്ങളെ അഗ്നിയുടെ പൊന്‍ നാളങ്ങള്‍ ചുംബിച്ചുനര്‍ത്തിയിട്ടുഒരു പാട് നാളുകളായി എന്ന് എന്റെ നിരീക്ഷണ നയനങ്ങള്‍ വ്യക്തമാക്കുന്നു. എന്താണ് സതീര്‍ത്യരേ, വിശപ്പിന്റെയും അദ്മീയതയുടെയും വ്യവര്യക്തിതാര്‍ത്ഥം മനസ്സിലാക്കി ഏറ്റവും സ്വാദിഷ്ടമായ വായുവും ജലവും ഭക്ഷണമാക്കി കാലം കഴിക്കാന്‍ തീരുമാനിച്ചുവോ???"
ഈ ചോദ്യത്തിനു എന്താണ് മറുപടി കിട്ടിയതെന്ന് പറയാനും മാത്രം ശക്തനല്ല ഞാന്‍. അത് ഞാന്‍ നിങ്ങള്ക്ക് വിടുന്നു. ഒന്ന് മാത്രം പറയാം, എന്റെ സ്നേഹിതര്‍ എന്നെ ഇത്രമാത്രം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു എന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. നിലത്തു വച്ചിട്ടില്ല അവരെന്നെ...!
 

Thursday, April 1, 2010

ഞാന്‍ കാത്തിരിക്കുന്നു.....

അനന്തമായ ആകാശത്തിലൂടെ പതുക്കെ ഒഴുകി മറയുന്ന അസ്തമയ സൂര്യനെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍. ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയെ പറ്റി ആലോചിക്കുമ്പോഴും ആര്‍ക്കും പ്രയോജനമില്ലാത്തതെന്നു മറ്റുള്ളവര്‍ വിചാരിക്കുന്ന, ഈ ജീവിതമങ്ങു അവസാനിപ്പിക്കാം എന്ന ഉള്‍പ്രേരണയെ തടഞ്ഞു നിര്‍ത്തിയിരുന്നത് കുമാര്‍സ് ബാറിലെ നനുത്ത സംഗീതത്തിലിരുന്നു അടിക്കുന്ന ബിയറിലെ നുരഞ്ഞമരുന്ന കുമിളകളും, കിച്ചണില്‍ നിന്നും വരുന്ന പൊരിച്ച കോഴിയുടെ മണവുമായിരുന്നു...
വരണ്ടുണങ്ങിയ എന്റെ ജീവിതത്തിലേക്ക് ഒരു കുളിര്‍തെന്നല്‍ പോലെ അവള്‍ വന്നു കയറിയത്, ദൈവം എനിക്ക് വേണ്ടി അവശേഷിപ്പിച്ച അവസാന വെളിച്ചവും ഊതിക്കെടുത്താനായിരുന്നു എന്ന് അപ്പോള്‍ ഞാനറിഞ്ഞില്ല.അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു.തിരുത്താനാകാത്തവണ്ണം അകപ്പെട്ടുപോയിരുന്നു, ഞാനും എന്റെ ജീവിതവും....

 ഇതുപോലെ കടലില്‍ കുളിച്ചുണ്ടുറങ്ങി രാത്രികഴിക്കാനായി സൂര്യന്‍ പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സമയത്താണ് ആ അത്യാഹിതം നടന്നത്,
ആറുമണി കഴിഞ്ഞരമണിക്കൂര്‍, രാവിലെമുതല്‍ കിട്ടിയ ശാപങ്ങളും കുത്തുവാക്കുകളും ഒരു കുപ്പി ബിയറില്‍ ഒഴുക്കി ശുദ്ധി വരുത്തിക്കൊണ്ട്, വളയങ്ങളായി മുകളിലേക്കുയരുന്ന സിഗരറ്റ് പുകയെ നോക്കി ഒരു സക്കറിയ സ്റ്റയിലില്‍ 'എന്തുണ്ട് വിശേഷം പിലാതോസേ' എന്ന് സ്വയം ചോദിച്ചിരിക്കുമ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത്.

വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടും ആരെങ്കിലും പണിതരാന്‍ വിളിക്കുന്നതാവില്ല എന്ന ഉറപ്പിനാലും എടുത്തു. ആന്‍സര്‍ ബട്ടണില്‍ ഞെക്കി.'ചേട്ടനല്ലേ' എന്ന ചോദ്യത്തിന്, 'ആ..'എന്നുപറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ മറുവശത്തുനിന്നും മുളചീന്തും പോലെ  ഒരു കരച്ചില്‍ ഒഴുകിവന്നു. അപ്പോഴാണ്‌ വിളിച്ച നമ്പര്‍ ഏതാണ് എന്ന് നോക്കുക എന്ന പൌരത്രിക ധര്‍മം ഓര്‍മവന്നത്. നോക്കി. സ്വാന്തനത്തിന്റെ കുളിര്‍തെന്നല്‍, എന്റെ...., എന്റെ കാമുകി...
അന്ധകാരമയമായ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടി....
കരച്ചില്‍ നിറുത്തി കാര്യം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും കരച്ചില്‍ തന്നെ മറുപടി...എന്റെ കാശുപോവില്ല എന്നതിനാലും, വേറൊന്നും ചെയ്യാനില്ല എന്നതിനാലും, ഭൂമീദേവിക്കൊക്കുന്ന ക്ഷമയോടെ ഞാനത് കേട്ടിരുന്നു. ഒന്നും പറയാന്‍ പോയില്ല, വെറുതെ എനര്‍ജി നഷ്ടപ്പെടുതുന്നതെന്തിനു?...കരച്ചിലിനിടയില്‍ വീണു കിട്ടിയ നിശബ്ദതകള്‍ക്കു ഇടയില്‍  അവള്‍, പറയാനുദ്ധേശിചത് ഞാന്‍ മനസ്സിലാക്കി എടുത്തു. അതെന്താനെന്നാല്‍, എല്ലാ പ്രേമബന്ധങ്ങള്‍ക്കും അവസാനം എത്തുന്ന പ്രതിബന്ധം തന്നെ. പെണ്ണിന്റെ അച്ഛന്‍, മകള്‍ക്കൊരു നല്ല ഭാവി വേണമെന്നാഗ്രഹിക്കുന്നു, കല്യാണം നിശ്ചയിക്കുന്നു. 
കല്യാണം നടന്നാല്‍ ശുഭം എന്ന് പറഞ്ഞു തനിക്കു വെറുതെ ഇരിക്കാം എന്ന് മൂപില്സ് കരുതിക്കാണും. പക്ഷെ നമ്മുടെ പ്രണയവിവശയായ  നായിക സമ്മതിക്കുമോ? എവിടെ...?
അവള്‍ക്കു പ്രേമിക്കാനോരാളെ വേണമെന്ന് തോന്നിയപ്പോള്‍ വെറുതെ നിന്ന് കൊടുത്തു എന്നല്ലാതെ വേറെ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. സാധാരണ കമുകകോന്തന്മാര്‍ ചെയ്യുന്ന ഒരു തരത്തിലുള്ള സര്‍കസും ഞാന്‍ ചെയ്തിട്ടില്ല. നോ ഐസ് ക്രീം, നോ പാര്‍ക്ക്, നോ മൂവി...നോ നതിംഗ്...ഇതൊന്നും ചെയ്തിട്ടില്ല എന്നല്ല, എന്റെ കൈയ്യിലെ കാശുകൊടുത്തു ചെയ്തിട്ടില്ല എന്നാണു.എല്ലാം അവള്‍ ശേയ്യല്‍. അല്ല അത് തന്നെ വേണമല്ലോ, ചുമ്മാ ഇരുന്ന എന്നെ കയറി പ്രേമിച്ചത് അവള്‍ അല്ലെ? ഞാന്‍ അവളുടെ പുറകെ നടന്നിട്ടില്ല, പ്രേമലേഖനം കൊടുത്തിട്ടില്ല, ഒന്നും ചെയ്തിട്ടില്ല...പിന്നെ എന്താ കുറച്ചു ഗമയില്‍ നടന്നു, ബുദ്ധിജീവിയാണെന്ന് ഭാവിച്ചു, കനപ്പെട്ട സാഹിത്യത്തെക്കുറിച്ച് മറ്റുള്ളവരുക്ക് മനസ്സിലാകാത്ത ഭാഷയില്‍ എന്തോ പറഞ്ഞു.അത്രതന്നെ.
ഇപ്പോഴത്തെ പ്രശ്നം എന്താ, അച്ഛന്‍ കണ്ടുപിടിച്ച എന്‍ജിനീയര്‍ ഭര്‍ത്താവിനെ അവള്‍ക്കു വേണ്ട, പകരം ഞാന്‍ കല്യാണം കഴിക്കണം. ഇല്ലെങ്കില്‍ അവള്‍ ചത്ത്‌കളയുമത്രെ!!! ചിലരുടെ ജാതകമങ്ങനെയാണ് നല്ലതെന്തു കണ്ടാലും വേണ്ട പകരം ചീഞ്ഞത് തേടി നടക്കും. നമ്മളെ പ്രേമിച്ചതാണല്ലോ, അവളുടെ പങ്കു കുറെ പറ്റിയതാണല്ലോ എന്ന് വിചാരിച്ചു കുറെ ഉപദേശിച്ചു നോക്കി. എവിടെ?
വരാനുള്ളത് വഴിയില്‍ തങ്ങുല എന്ന് പറഞ്ഞത് ശരിയായിരിക്കും, അല്ല അത് ശരിതന്നെയാണ്, ഇല്ലെങ്കില്‍ ഞാന്‍ കേറി സമ്മതിക്കുമോ?
അങ്ങനെ അവളുടെ ഭീഷണിക്ക് വഴങ്ങി ഞാന്‍....., ഈ ഞാന്‍ അവളെ രജിസ്ടര്‍ കല്യാണം കഴിച്ചു.

ഇപ്പോഴെന്താ സ്ഥിതി? വേലയും കൂലിയുമോന്നും ഇല്ലാത്ത എന്നെ, അവള്‍, എന്റെ ഭാര്യ ജോലിക്ക് പോയി നോക്കുന്നു, അതുമാത്രമോ, എന്നും വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു പിന്റും ഒരു പായ്ക്ക് സിഗരറ്റും വാങ്ങിക്കൊണ്ടുതരുന്നു...
പരാതികളില്ല, പരിഭവങ്ങളില്ല...അവളുടെ ആങ്കിളില്‍ നോക്കിയാല്‍ സ്വസ്ഥം സന്തുഷ്ട കുടുമ്പം....

ഒരേയൊരു കാര്യം മാത്രമേ അവള്‍ എന്നോടാവശ്യപ്പെട്ടിട്ടുള്ളൂ, ഒരു കേട്ട് പേപ്പറും പേനയും തന്നിട്ട് പറഞ്ഞു, "എന്തെങ്കിലും എഴുതൂ"...എന്തെഴുതാന്‍? ആ...
എങ്കിലും ആ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്ക് തല കുലുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ...

മൃഷ്ടാന്നം ഉണ്ട് കുളിച്ചു താമസിക്കുമ്പോഴും അവളെന്നെ എന്തിനു കൂടെ പൊറുപ്പിക്കുന്നു എന്ന ചോദ്യത്തിനൊപ്പം ഒരു ദുഖവും മാത്രം ബാക്കി..അത് കുമാര്‍സ് ബാറിലെ നനുത്ത സംഗീതത്തിലിരുന്നു കഴിച്ചിരുന്ന തണുത്ത ബീറും പിന്നെ ആ പൊരിച്ച കോഴിയുടെ മണവുമാണ്...എന്റെ വൈകുന്നെരങ്ങല്‍ക്കായി എന്റെ മനസ്സ് കേഴുന്നു, എന്റെ ഭാര്യേ, എന്ന് നീയെന്നെ ഇവിടുന്നടിച്ചു പുറത്താക്കും?? ഞാന്‍ കാത്തിരിക്കുന്നു.....

Saturday, March 27, 2010

അനശ്വരനായ 'പയ്യന്'.....

പയ്യനെ കുറിച്ചിപ്പോള്‍ എന്താ എന്ന് ചോദിച്ചാല്‍ മറുപടി ഇല്ല..വെറുതെ കുറച്ച് സമയം ഇരുന്നപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് 'പയ്യനും' പയ്യന്റെ സൃഷ്ടാവുമാണ്. പിന്നെ ഗൂഗിളിന്റെയും 'എന്റെ സ്വന്തം പ്രതിഭയുടെയും' സഹായത്താല്‍ എഴുതിയുണ്ടാക്കിയതാണ് നിങ്ങളിനി വായിക്കാന്‍ പോകുന്ന പീസ്..........ഒരു 'ജലാമിത്രിക്കുലോക്കിസ്' രചന.....
ഹാസ്യ രചനകള്‍ക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു വി.കെ.എന്‍ എന്ന
വടക്കേ കൂട്ടാല നാരായണന്‍കുട്ടിനായര്‍. ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തില്‍ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാന്‍ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം.

മലയാളത്തിന് ഒരു പുതിയ ശബ്ദകോശംതന്നെ വി.കെ.എന്‍ സൃഷ്ടിച്ചു . പയ്യന്‍സ്, സര്‍ ചാത്തു, ചാത്തന്‍സ്, എന്നിങ്ങനെ ഉള്ള  അദ്ധേഹത്തിന്റെ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ചിരിയുടെ മുന്നില്‍ മനുഷ്യായുസ് വളരെ കുറവാണ്. പിറന്നാള്‍സമ്മാനം എന്ന വി.കെ.എന്‍റെ ആദ്യകഥയില്‍നിന്നും അവസാനകാലത്തെ പ്രമുഖകൃതിയായ സര്‍ ചാത്തു ലീകോക്കില്‍ എത്തുമ്പോഴേക്കും രചനയുടെ വലിയ രാസപരിണാമങ്ങള്‍ വന്നതുകാണാം. 
കാല-ദേശങ്ങള്‍ വി.കെ.എന്നിന്‍റെ സാഹിത്യലോകത്തെ ബാധിക്കുന്നേയില്ല. നാണ്വാരും, ചാത്തന്‍സുമെല്ലാം സൂര്യനുകീഴിലും അതിനപ്പുറവുമുള്ള എന്തിനെക്കുറിച്ചും സംസാരിക്കാന്‍ സിദ്ധിയുള്ളവരാണ്.നിലമുഴുന്ന കര്‍ഷകന്‍ കാളിദാസന്‍റെ മേഘസന്ദേശത്തെക്കുറിച്ചും ലാന്‍സ്കിയുടെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും ഓലന്‍ ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും ആധികാരികമായി സംസാരിക്കും. ഒരിക്കലും ഒരാളിന്‍റെ മുന്നിലും വികെ.എന്നിന്‍റെ കഥാപാത്രങ്ങള്‍ തോല്‍ക്കുന്നില്ല; ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കഥാകാരനെപ്പോലെ തന്നെ. 
നിരര്‍ത്ഥകതയുടെ അര്‍ത്ഥം ഇത്രയ്‌ക്ക്‌ അര്‍ത്ഥസംപുഷ്‌ടമായി സാഹിത്യത്തില്‍ ഇതേവരെ ആരും ഉപയോഗപ്പെടുത്തിയതായി കാണുന്നില്ല. ഉദാഹരണമായി
`നൈനം ദഹതി പാവക'-  "നൈനാനെപ്പോലും ഒരു പുല്ലും ചെയ്യാന്‍ ഒക്കുകേല" എന്നു പറയുന്നിടത്ത്‌ ഭഗവത്‌ഗീതാശ്ലോകത്തിന്റെ ആത്മീയ ഗൗരവത്തെ തലയറഞ്ഞുള്ള ഒരു ചിരിയാക്കി, ഒരു ബഹുമതാധിഷ്‌ഠിത സമൂഹത്തിന്റെ പൊതുവായ ആസ്വാദനവിഭവമാക്കി മാറ്റി സ്ഥാപിക്കുന്നു. 
`ഹു ഈസ്‌ അഫ്രൈഡ്‌ ഓഫ്‌ വിര്‍ജീനിയാ വൂള്‍ഫ്‌' എന്നതിന്‌ വെള്ളായനി അര്‍ജുനനെ ആര്‍ക്കാണ്‌ ഭയം എന്നാക്കുന്നതും,
`പലായ ധ്വം പലായ ധ്വം
രേരേദുഷ്‌കവികുഞ്‌ജരാ' എന്നു തുടങ്ങുന്ന ശ്ലോകത്തെ
`ആയിരം മീറ്ററോടട്ടെ
ദുഷ്‌കവി പൊട്ടയാനകള്‍' എന്നും മറ്റും തര്‍ജ്ജമ ചെയ്യുമ്പോള്‍ ഭാഷയുടെ ആന്തരാര്‍ത്ഥത്തെ തന്റെ സ്വത്വത്തിലൂടെ പുനഃസൃഷ്‌ടിക്കുകയാണ്‌ മലയാളഭാഷയുടെ ഈ അഭിനവപെരുന്തച്ചന്‍. ഇങ്ങനെ നോക്കുമ്പോള്‍ 72 വര്‍ഷക്കാലത്തെ തന്റെ പരിമിത ആയുസ്സിനുള്ളില്‍ ഒരു ഭാഷയുടെ ആത്മാവില്‍ ഗ്രാമ്യതയുടെയും പുറംലോകത്തിന്റെയും ഉക്തിവൈചിത്ര്യങ്ങള്‍ ഒരു പോലെ ആലേഖനം ചെയ്യുകയും ആ ആഖ്യാനശകലങ്ങളില്‍ ഒരു ജനതയുടെയാകെ ജീവിതപരിച്ഛേദം ആവിഷ്‌കരിക്കുകയും ചെയ്യുക വഴി കാലത്തെ പിന്‍തള്ളിക്കൊണ്ട്‌ തന്റേതായ പാദമുദ്ര മലയാളസാഹിത്യചരിത്രത്തില്‍ ആഞ്ഞുപതിപ്പിക്കുകയും ചെയ്‌ത സമാനതകളില്ലാത്ത കഥാകാരനായിരുന്നു വി.കെ.എന്‍ എന്ന്‌ നിസംശയം പറയാം (രാജേന്ദ്രന്‍ പോത്തനാശ്ശേരില്‍,
'വി.കെ.എന്‍ സമാനതകളില്ലാത്ത മലയാളകഥാകാരന്‍')
 അപ്പൊ എന്താ കഥാന്നു ചോദിച്ചാല് പണ്ട് പാച്ചു പറഞ്ഞതുപോലെ, ആഗോള സാമ്പത്തിക മാന്ദ്യം പോലൊരു സംഭവം എന്നെയും അങ്ങട്ട് ബാധിച്ചിരിക്കുന്നു. the lack of economy in the daily affairs... എന്ന് വച്ചാല്‍ കൈയ്യിലുള്ള  വെടിമരുന്നു തീര്‍ന്നുന്നു സാരം...പുതിയതൊന്നു വാങ്ങണം....ആശയദാരിദ്ര്യംന്നു പറയാന്‍ പാടുണ്ടോ?


Friday, March 26, 2010

കുത്തിക്കുറിപ്പുകള്‍_ എഴുത്തും പിന്നെ നമ്മളും

എഴുതുന്നത്‌ ഒരു രസമുള്ള പരിപാടിയാണ്. എഴുതുന്നത്‌, ലോകചരിത്രം തന്നെ മാറ്റി മറിക്കാന്‍ തക്ക വിസ്ഫോടക ശേഷി ഉള്ളതാണെങ്കിലും, പൊട്ടത്തരങ്ങള്‍ ആണെങ്കിലും, ഉള്ളില്‍ ചിരിച്ചുകൊണ്ട് അല്ലെങ്കില്‍ തെറിപറഞ്ഞുകൊണ്ട്, ഇനി അതുമല്ലെങ്കില്‍, എഴുത്തുനോവില്‍ കരഞ്ഞു കൊണ്ടായാലും സംഭവം രസം തന്നെ.
എഴുത്ത് ഒരു നല്ല സുഹൃത്തിനെപ്പോലെയാണ്‌.അയാളോട് മനസ്സ് തുറന്നു സംസാരിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ,ആശ്വാസത്തിന്റെതായ ഒരു ഫീലിംഗ്...അതാണ്‌ എഴുതിക്കഴിയുമ്പോള്‍ കിട്ടേണ്ടത്...
എഴുത്ത് തരുന്നത് എന്ത് തരത്തിലുള്ള അനുഭൂതിയാണ്? ഇങ്ങനെ ഒരു ചോദ്യം, ഞാനെന്റെ ബുദ്ധിജീവി സുഹൃതിനോടോരിക്കല്‍ ചോദിച്ചു. അയാളുടെ മറുപടി ഇങ്ങനെ ആയിരുന്നു...
'രണ്ടു ദിവസം മുഴുവന്‍ നിര്‍ത്താതെ ശാപ്പാടടിച്ച ശേഷം, മൂന്നാം ദിവസം രാവിലെ കക്കൂസില്‍ ചെന്നിരുന്നു രണ്ടു പുകയോടൊപ്പം നടത്തുന്ന കര്‍മത്തില്‍ നിന്നും ലഭിക്കുന്ന എഫ്ഫക്റ്റ്‌ ആണ് എഴുത്ത് തരുന്നത്'.....കേട്ടപ്പോള്‍ വാളുവയ്ക്കാന്‍ വന്നെങ്കിലും പിന്നീടാലോചിച്ചപ്പോള്‍ സംഗതി സത്യമല്ലേ എന്നൊരു തോന്നല്‍... അണകെട്ടിവച്ചതെല്ലാം പോയ്ക്കഴിയുംപോലുള്ള ഒരു ശൂന്യത, ആ ഒരു ഭാരമില്ലായ്മ.....അതല്ലേ എഴുതിക്കഴിയുമ്പോള്‍ ഒരു എഴുത്തുകാരന്‍ അനുഭവിക്കുന്നത്....
പണ്ട്, പ്രശസ്തനായ ഒരു എഴുത്തുകാരന്‍ പറഞ്ഞത്, എഴുതാനിരിക്കുമ്പോള്‍ താനൊരു പൂര്‍ണ ഗര്‍ഭിണിയായ യുവതിയെപ്പോലെയാണ് എന്നാണു..ഓരോ തവണ എഴുതുമ്പോഴും പേറ്റ്നോവാണ് അനുഭവിക്കുന്നത് ( ഈ പറഞ്ഞതൊന്നും 'എന്നെ'പ്പോലുള്ള ബ്ലോഗെഴുത്തുകാരെ ഉദ്ദേശിച്ചല്ല കേട്ടോ, ഞാനൊക്കെ ചുമ്മാ പുല്ലു പോലല്ലേ, ചവരുകളെഴുതി വിടണത്...അതൊക്കെ, ആത്മാവിന്റെ അന്തരാളങ്ങളില്‍ മനനം ചെയ്തു മുത്തും പവിഴവുമൊക്കെ എടുക്കുന്നവരെ പറ്റിയാണ്..)

Writing is not necessarily something to be ashamed of, but do it in private and wash your hands afterwards.

Thursday, March 25, 2010

ചില ചിന്തിപ്പിക്കുന്ന ചിന്തകള്‍

ഇന്നലെ എന്റെ ഒരു സുഹൃത് അവന്റെ ഒരു സഹപ്രവര്തകയെ കുറിച്ച് പറഞ്ഞതാണ്‌ ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അവനു ആ പെണ്‍കുട്ടിയുടെ മേല്‍ പുരുഷസഹജമായ ഒരു കണ്ണുണ്ടായിരുന്നു എന്നത് നേര് പക്ഷെ അവന്‍ പറഞ്ഞ വാചകങ്ങള്‍ എന്നെ ചിന്തിപ്പിക്കുന്നു (ഇരുത്തിയല്ല കേട്ടോ).
അവന്‍ പറഞ്ഞത് ഇതായിരുന്നു; she is cool and beautiful, but when she speaks, I feel she is a bit childish and innocent or rather immature.
അവനീപ്പറഞ്ഞതില്‍ ചിന്തിക്കാനെന്താന്നു ചോദിയ്ക്കാന്‍ വരട്ടെ, ഞാന്‍ ചിന്തിച്ചുപോയി എന്നതാണ് നേര്. പെണ്‍കുട്ടികളുടെ ഈ കളി ഞാനും നേരിട്ട് കണ്ടിട്ടുള്ളതാണ്, എക്സ്പീരിയന്‍സ് ചെയ്തിട്ടുള്ളതാണ്‌. ഇങ്ങനെയൊക്കെ ചെയ്‌താല്‍ ആണ്‍കുട്ടി കളില്‍ ഒരു സോഫ്റ്റ്‌ കോര്നെര്‍ ക്രിയേറ്റ് ചെയ്യാം എന്നവര്‍ വിചാരിക്കുന്നുണ്ടാകാം. ഒരു പരിധി വരെ അത് ശരിയാണ് താനും. ഈ പെണ്‍കുട്ടികളിങ്ങനെ കളിച്ചു ചിരിച്ചു, കുറച്ചു കുട്ടികളുടെ പോലെ ബീഹെവ് ചെയ്‌താല്‍ നമ്മള്‍ പാവം ആണുങ്ങള്‍ വിചാരിക്കും 'ഓ സൊ സ്വീറ്റ് ഷി ഈസ്‌ ക്യൂട്ട്'. അതുതന്നെയാണ് അവരുടെ ഉന്നമെന്ന് അറിയാതെ അവരെ വളച്ചു കാര്യം നേടാന്‍ ഇറങ്ങി പുറപ്പെടും മണ്ടനായ, ബുദ്ധിമാന്‍ എന്ന് സ്വയം വിചാരിക്കുന്ന ആണ്‍കുട്ടി.പക്ഷെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ്? അവളവനെ ഓടിച്ചു മടക്കി പോകറ്റിലിട്ടു കുറച്ചുകാലത്തെ വട്ടച്ചിലവിനുള്ള വഴിയോപ്പിക്കും. എല്ലാവരും ഇങ്ങനെയനെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്, പക്ഷെ ദേ ആര്‍ ദെയര്‍. യാഥാര്തമായ സ്നേഹം എന്ന് പറയുന്നത് ഇന്ന് വല്ല സിനിമകളിലും പൈങ്കിളി നോവലുകളിലും മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ എന്ന് പറയണമെന്ന്  ആഗ്രഹമുണ്ടെങ്കിലും ചില exceptions എല്ലാ ഇടത്തും ഉണ്ടായിരിക്കുമല്ലോ, അത് എന്നെ കണ്ണും അടച്ചൊരു നിഗമനതിലെതുന്നതില്‍ നിന്നും തടയുന്നു.

ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു.... വീണ്ടും ചിത്രീകരിക്കുന്ന രാജാവിന്റെ മകനിലെക്കൊരു എത്തിനോട്ടം....

"മനസ്സില്‍ കുറ്റബോധം തോന്നിതുടങ്ങുംപോള്‍ ചെയ്യുന്നതെല്ലാം യന്ത്രികമായിത്തീരും" എന്ന് പറഞ്ഞത് ഒരു ഫിലോസഫര്‍ ആയിരുന്നു എങ്കില്‍ അത് മനസ്സിലാക്കാന്‍ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല. പക്ഷെ, 1986ജൂലൈ പതിനാറിന് ശേഷം ഈ വാക്കുകള്‍ ആള്‍ക്കാര്‍ കേട്ടത് ആരതനയോടെയാണ്, വരവേറ്റത് കൈയ്യടികലോടെയും ആനന്ദമര്മരങ്ങളുടെ  അനുഭൂതികലോടെയുമാണ്.

രാജാവിന്റെ മകന്‍ എന്റെ ഗ്രാമത്തിലെ തിയേറ്ററില്‍ വരുന്നത് പടമിറങ്ങി ഏതാണ്ട് രണ്ടു വര്ഷം കഴിഞ്ഞാണ് എന്നാണ് എന്റെ അമ്മ പറയുന്നത്. അത് കാണാന്‍ പോകുമ്പോള്‍ എനിക്ക് മൂന്നു വയസ്സും ചില മാസങ്ങളും പ്രായം. അതുകൊണ്ടുതന്നെ പടം തിയേറ്ററില്‍ കണ്ട ഓര്മ എനിക്കില്ല. പിന്നീട് കുരച്ചതികം തവണ അത് ടി.വിയില്‍ കണ്ടിട്ടുണ്ട് എങ്കിലും. എന്നെ ചുമന്നുകൊണ്ടു ഒരുപാട് പടങ്ങള്‍ക്ക് പോയിട്ടുണ്ട് അമ്മയും അച്ഛനും. അവര്‍ തന്നെയാണ് എന്നെ ഒരു സിനിമ ഭ്രാന്തനാക്കിയത് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തികലോന്നുമില്ല. ആ തിയേറ്റര്‍ 1999 ഇല് അടച്ചുപൂട്ടുന്നതുവരെ ഏതൊക്കെ വെള്ളിയഴ്ച്ചേ അവിടെ പടം മാറി നല്ല മലയാളം പടങ്ങള്‍ വന്നിട്ടുണ്ടോ, ശനിയാഴ്ചത്തെ ഫസ്റ്റ് ഷോക്ക് ഞങ്ങള്‍ കുടുംബ സമേതം അവിടെ ഉണ്ടായിട്ടുണ്ട്. അതവിടെ നിക്കട്ടെ പറഞ്ഞുവന്നത് രാജാവിന്റെ മകനെ കുറിച്ചല്ലേ. സൊ ബാക്ക് ടു രാജാവിന്റെ മകന്‍
1986 -ല്‍ മോഹന്‍ലാലിന്റെതായി ഏതാണ്ട് 35സിനിമകള്‍   പുറത്തിറങ്ങി. 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍', 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു', 'പഞ്ചാഗ്നി', 'കരിയിലകാറ്റുപോലെ', 'ഹലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍', 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം', 'യുവജനോത്സവം', 'ഒന്ന് മുതല്‍ പൂജ്യം വരെ', സന്മനസ്സുള്ളവര്‍ക്ക് സമാധാനം', 'ദേശാടനക്കിളി കരയാറില്ല' T.P. ബാലഗോപാലന്‍ M.A', 'ഗാന്ധിനഗര്‍ സെക്കന്റ്‌ സ്ട്രീറ്റ്', 'നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍', 'സുഖമോ ദേവി', 'താളവട്ടം', എന്നീ ചിത്രങ്ങളാണ് അവയില്‍ പ്രധാനം. ഹാസ്യം എന്നാ ലബാലോട്ടിക്കാവുന്നവയാണ് അവയില്‍ പലതുമെങ്കിലും ഒരു അയല്വക്കതുകാരന്‍ പയ്യന്‍ എന്ന നിലക്കുള്ളവയായിരുന്നു എല്ലാ റോളുകളും. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി വന്നവയായിരുന്നു 'ശോഭരാജ്'ഉം 'രാജാവിന്റെ മകനും'. 'ശോഭരാജ്', 'ഡോണ്‍' എന്ന ഹിന്ദി പദത്തിന്റെ രേമാകെ ആയിരുന്നു. രാജാവിന്റെ മകനാണോ ശോഭാരജണോ ആദ്യം റിലീസ് ആയതു എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല എന്നാണ് ഉത്തരം. പക്ഷെ രാജാവിന്റെ മകനുണ്ടായ വിജയം ശോഭാരജിനുണ്ടയില്ല എന്ന് പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമില്ല.
ഒരു പക്ഷെ ആ വിജയത്തിന്റെ പ്രധാന കാരണം, ഇന്നും ജനമനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന രാജാവിന്റെ മകനിലെ സംഭാഷണങ്ങള്‍ ആയിരിക്കാം. ഡെന്നിസ് ജോസഫ്‌ ആണ് രാജാവിന്റെ മകന് തിരക്കഥ എഴുതിയത്.

ഡെന്നിസ് ജോസഫ്‌ ഒരുകാലത്ത് മലയാളികള്‍ ഇഷ്ട്ടപെട്ടിരുന്ന, മലയാളി പ്രേക്ഷകന്റെ പള്‍സ്‌ അറിഞ്ഞെഴുതിയിരുന്ന ഒരു കഥാകാരനായിരുന്നു. നിറക്കൂട്ട്‌, ന്യായവിധി, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍,ന്യൂ ഡല്‍ഹി, മനു അങ്കിള്‍, തന്ത്രം, നായര്‍ സാബ്,ഇന്ദ്രജാലം,നം. 20മദ്രാസ് മെയില്‍, തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി അച്റേന്‍ ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം സൃഷ്ടിച്ചിട്ടുള്ള ആളാണ്‌ അദ്ദേഹം.അധേഹത്തില്‍ നിന്ന് തന്നെയാണ് 'ആകശദൂതും,പത്താം നിലയിലെ തീവണ്ടിയും പിറന്നിരിക്കുന്നത്.  കുറച്ചു നാളായി മാറുന്ന പ്രേക്ഷകന്റെ അഭിരുചിക്കൊത്ത് പേന ചലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതിന് ഉദാഹരമാണ് സമീപകാല ചിത്രങ്ങളായ ഭൂപതി, വജ്രം, തസ്കരവീരന്‍, തുടങ്ങിയവ.
ഡെന്നിസ് ജോസഫ്‌ 'rage of angels' എന്ന Sydney Sheldon നോവലിനെ അധീകരിചെഴുതിയതാണ് രാജാവിന്റെ മകന്‍.

വിന്‍സെന്റ് ഗോമസ് എന്ന അധോലോകരാജാവിന്റെ ഉയര്‍ച്ച താഴ്ചകളുടെയും, പ്രണയത്തിന്റെയും, ചതിയുടെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ രാജാവിന്റെ മകന്‍ സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. മോഹന്‍ലാലിനൊപ്പം വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്,ഇന്ദ്രജാലം, നാടോടി, മാന്ത്രികം,തുടങ്ങിയ വന്‍ ഹിറ്റുകള്‍ തീര്‍ത്തിട്ടുന്ടെങ്കിലും ഒന്നാമന്‍ ഒരു ചരിത്ര പരാചയമായി മാറി. ഏറ്റവും കടുത്ത ലാല്‍ ഫാന്സിനുപോലും(ഞാനുള്‍പ്പെടെ) കണ്ടുതീര്‍ക്കാന്‍ പറ്റാത്തത്ര ബോര്‍-ആയിരുന്നു അത്.

രാജാവിന്റെ മകന് ശേഷം ഒരു ഹപ്പെനിംഗ് ആക്ടര്‍ എന്ന നിലയില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് വളര്‍ന്നു. തുടര്‍ച്ച ആയുള്ള വിജയങ്ങള്‍. 1987 -ഇല്‍  ജനുവരി ഒരു ഓര്‍മയില്‍ തുടങ്ങി, ഇരുപതാം നൂറ്റാണ്ടിലൂടെ, ഭൂമിയിലെ രാജാക്കന്മാരായി, തൂവാനത്തുമ്പികളെയും കണ്ടു നാടോടിക്കാറ്റും കൊണ്ടിവിടെ എല്ലാവര്ക്കും സുഖം എന്ന് പറഞ്ഞു തുടങ്ങിയ യാത്ര ഇപ്പോള്‍ ഇവിടം സ്വര്‍ഗമാണ് - ല്‍ എത്തുമ്പോഴും ഒട്ടും മങ്ങലില്ലാതെ തുടരുന്നു.

തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ്‌, മോഹന്‍ലാല്‍ - രാജാവിന്റെ മകന്‍- ഇവര്‍ മൂന്നു പേരും പിന്നെ ആ ക്ലാസ്സിക്കും, കടമ്പകള്‍ ഒരുപാടുണ്ട്. അതെല്ലാം മറികടന്നു മറ്റൊരു ക്ലാസ്സിക് നിര്‍മിക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.