Tuesday, April 6, 2010
കഥയില്ലായ്മയുടെ കാണാ പ്പുറങ്ങളില്‍ ഒരു പ്രണയം...അഥവാ വലിക്കുമ്പോള്‍ നല്ല 'നീലച്ചടയന്‍' തന്നെ വലിക്കണം.........
ഹൃദയം കൊണ്ടെഴുതുന്നവയാണ് ഓരോ പ്രണയ കാവ്യങ്ങളും....
എഴുതുന്നതില്‍ സത്യമുണ്ടെങ്കില്‍ അനുഭവങ്ങളുടെ നോവും സുഖവുമുന്ടെങ്കില്‍, ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങി ചെന്ന് വായനക്കാരന്റെ ഹൃദയത്തിലൂടെ കുളിര്‍മഴ പെയ്യിച്ച് ആത്മചേതനയുടെ അന്തരാളങ്ങളില്‍ വിശുദ്ധ വികാരങ്ങളുമായി സംവദിക്കാന്‍ സാധിക്കും എഴുത്തുകാരന്.....
'സാന്ദ്രമായ മൌനത്തിന്റെ ഭാരവും പേറിക്കൊണ്ടു കടലിനെ താണ്ടിയെത്തിയ കാറ്റ് അവളുടെ മുടിയിഴകളുമായി സല്ലാപത്തിനു ശ്രമിച്ചു...
ഓരോ മണല്‍ തരികളായി പെറുക്കിയെറിഞ്ഞു കടലിനെ നികത്താന്‍ ശ്രമിക്കുന്ന അവനെ സഹായിക്കാന്‍ പോയിട്ട് ഒന്ന് ശ്രദ്ധിക്കാന്‍ പോലും അവള്‍ക്ക് തോന്നിയില്ല.....'
"എടാ, എഴുത്തുകാരാ, നാറി, കടലിനെയും നോക്കിയിരിക്കുന്ന അവളെയും, അവളെ നോക്കിയിരിക്കുന്ന അവനെയും നീ ഒരു പാട് നാളായി കഷ്ടപ്പെടുതുന്നു. എടാ, ഈ സൂര്യന് താഴെ എത്രയോ നല്ല കാര്യങ്ങളുണ്ട് എഴുതാന്‍? അതൊന്നും വേണ്ട, കടലിലേക്കും വായിനോക്കിയിരിക്കുന്ന അവളും അവനും, ഇല്ലെങ്കില്‍ കടലില്‍ കുളിക്കുന്ന അവളും കപ്പലണ്ടി വില്‍ക്കുന്നവനും....അറ്റ് ലീസ്റ്റ് സ്ടലവെങ്കിലും മാറ്റടെ......"
എന്റെ ഹൃദയത്തിന്റെ ചെതോവികാരത്തെ മാനിക്കാതെ, രക്തം പുരട്ടിയെഴുതിയ എന്റെ കൃതിയെ, മൃഗീയമായി ബലാല്‍സംഗം ചെയ്യുന്നവന്റെ മുഖത്തേക്ക് ഞാനെന്റെ ഇടം കന്നുകൊണ്ടോന്നു നോക്കി..'ഇതാരാ ഈ ക്ഷുദ്രകീടം'?
എന്റെ സുഹൃത്തെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന അനേകം പേരിലോരുവന്‍. മറുപടി അര്‍ഹിക്കാത്ത പ്രസ്താവനയാണ് എങ്കിലും പീഡിപ്പിക്കപ്പെട്ടവളുടെ ആത്മരോധനത്തെപ്പോലെ എന്റെ ഇടനെഞ്ചില്‍ നിന്നും വാക്കുകള്‍ ഉതിര്‍ന്നു വീണു...
"പ്രണയം പ്രകൃതി നിയമമാണ്. നിയതിയുടെ നിയന്ത്രണത്തിന്റെ കെട്ടുപാടുകളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന രണ്ടു മനസ്സുകളുടെ കൂടിച്ചേരലാണ് പ്രണയം. കമിതാക്കളുടെ മനസ്സില്‍ ചെമ്പടയുടെ താളം മുറുകും പോഴാണ് എല്ലാ വിലങ്ങുകളും പൊട്ടിച്ചെറിഞ്ഞു പ്രണയം തുറന്നു പറയാന്‍ അവര്‍ ശ്രമിക്കുന്നത്. നിലാവുദിക്കാന്‍ തുടങ്ങുന്ന ചക്രവാളത്തെ നോക്കിക്കൊണ്ട്, അക്ഷമയായി നില്‍ക്കുന്ന അവളോട് ഇഷ്ടമാണെന്ന് പറയുന്ന നായകന്‍....അല്ലെങ്കില്‍ തണുത്ത കാറ്റിലുലയുന്ന മുടിയിഴകളെ ഒതുക്കാന്‍ ശ്രമിക്കാതെ എല്ലാം തകര്ന്നവനെ പോലെ ആകാശത്തെയും നോക്കി കിടക്കുന്ന അവനോടു മറക്കാം എല്ലാം മറക്കാം എന്ന് പറയുന്ന അവള്‍....." ആവേശത്താല്‍ തോണ്ടയല്പം ഇടറിയോ? സാരമില്ല.
അവന്റെ മുഖത്തുനിന്നും എന്റെ കണ്ണുകള്‍ അഗാതതയിലേക്ക്, സോറി ഭിത്തിയിലെ കടലിന്റെ പോസ്ടരിലേക്ക് നീണ്ടു.........
"അങ്ങനെയുള്ള പ്രണയത്തിന്റെ വിവിധഭാവങ്ങളെ അതിന്റെ എല്ലാ തലങ്ങളിലും സൌന്ദര്യ സാന്ദ്രമായി വര്‍ണിക്കാന്‍ കടലിനേക്കാള്‍ ആഴമുള്ള ഒരു ബിംബത്തിനെ എവിടെക്കിട്ടും?
നിന്റെ ബാലിശമായ ആക്രോധനങ്ങള്‍ക്ക് മറുപടി പറയാന്‍ നിന്നാല്‍ എന്റെ കഥാനായകനോട് നായികക്ക് ഒന്നും ഹൃദയം തുറന്നു പറയാന്‍ സാധിക്കില്ല.."
"മാങ്ങാത്തൊലി" കടന്നു കയറ്റക്കാരന്‍ കൈകള്‍ തലയിലടിക്കുന്നു. ഹും സാഹിത്യം മനസ്സിലാവാത്ത പാവം ക്ഷുദ്രകീടം, ഒന്ന് സഹതപിച്ചേക്കാം....
"മലയാളികളുടെ പക്കാ മൂരാച്ചി സ്വഭാവമാണിത്.ആരെന്തു നല്ലകാര്യം പറഞ്ഞു ബോധാവല്കരിക്കാന്‍ ശ്രമിച്ചാലും ഏതെങ്കിലും ഒരു തൊലിയുടെയും കുലയുടെയും പേര് പറഞ്ഞു പുശ്ചിക്കുക എന്നത്....എന്താടോ നന്നാവാത്തത്...???"
ലോകം മുഴുവനും നന്നായാലും സ്വയം നന്നാവില്ല എന്ന് ദൃഡ പ്രതിന്ജ്ഞയെടുത്തു നടക്കുന്ന ഒരു സംഖമാള്ക്കാരുടെ പ്രതിനിധി എന്ന നിലയില്‍, ചെയ്തു കൊണ്ടിരുന്ന തലയില്‍ ചൊറിയല്‍ എന്ന കര്‍മം തുടര്‍ന്നുകൊണ്ടു, എനിക്ക് മനസ്സിലാവാത്ത ഏതോ ഭാഷയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാള്‍ എനിക്കന്യമായ ഭൌതിക ലോകത്തിലേക്ക് നടന്നു പോയി.
വിശപ്പിന്റെ വിളി സഹിക്കാനാവാതെയാണ് കഞ്ചാവിന്റെ പുകവലയത്തില്‍ നിന്നും ഞാന്‍ പുറത്തെക്കിരങ്ങിയത്. അനന്തമായ ഭാവനയുടെ ചിറകിലേറി ഞാന്‍ അലഞ്ഞു നടക്കുമ്പോള്‍, പ്രതിഭയുടെ കരസ്പര്‍ശനമേല്ക്കാത്ത പാവം സഹജീവികള്‍ നമ്മള്‍ക്കായി ഭൌതിക ശരീരത്തെ നിലനിര്‍ത്താനായി എന്തെങ്കിലും ചമയ്ക്കുന്നു. ആത്മാവിന്റെ നിലവിളി പുകയിലെ വളയങ്ങളായി തീര്‍ക്കുന്നതിന്റെ ഇടവേളകളില്‍ ഞാനവരെ പാഴ്വസ്തുക്കളുടെ ആധിക്യം കുറക്കാന്‍ എന്നാലാവുന്നത് ചെയ്തു കൊടുത്തു സഹായിക്കുന്നു.
യുദ്ധം ചെയ്തോടുങ്ങിയ പടക്കളത്തെ പോലെ ഗതകാല സ്മരണകളുടെ മൌനവുമായി ശൂന്യതയുടെ ഭാരവും പെറിക്കിടക്കുന്ന അടുക്കള.
പെയ്തൊഴിയാന്‍ വെമ്പി നില്‍ക്കുന്ന കാര്മേഖ കൂട്ടങ്ങളുടെ നിറവും ഈര്‍പ്പവും തങ്ങി നില്‍ക്കുന്ന, കരിപുരണ്ട പാത്രങ്ങള്‍ തിങ്ങി നിറഞ്ഞു കിടക്കുന്ന അടുപ്പിന്‍ പാതകവും അടുപ്പും. അതിന്റെ നടുക്ക് എന്നോ അണഞ്ഞുപോയ കനലുകളില്‍ നിന്നും ഉണ്ടായ ചാരത്തില്‍ സുഖസുശുപ്തിയുടെ ആലസ്യത്തിലമര്‍ന്നു കിടക്കുന്നു ഒരു പൂച്ച!
'എന്ത്...............എന്റെ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ ഭൌതിക ജീവിതത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞു ആദ്മീയതയുടെ വഗ്ദത്തഭൂമിയിലേക്ക് പോയിഎന്നോ??' വിശ്വസിക്കാന്‍ സാധിക്കുന്നില്ല.
മായയുടെ കെട്ടുപാടുകളില്‍ നിന്നും വിമുക്തരാകാതെ ടെലിവിഷത്തിന്റെ പിടിയില്‍ കിടന്നു പിടയുന്നു പാവങ്ങള്‍.! എന്തിനാണ് അവര്‍ മുഖം ചുളിക്കുന്നത്?
"ഗതകാലസ്മൃതികളുടെ ഭാരവും പെറിക്കിടക്കുന്ന അടുക്കളയിലെ പാത്രങ്ങളെ അഗ്നിയുടെ പൊന്‍ നാളങ്ങള്‍ ചുംബിച്ചുനര്‍ത്തിയിട്ടുഒരു പാട് നാളുകളായി എന്ന് എന്റെ നിരീക്ഷണ നയനങ്ങള്‍ വ്യക്തമാക്കുന്നു. എന്താണ് സതീര്‍ത്യരേ, വിശപ്പിന്റെയും അദ്മീയതയുടെയും വ്യവര്യക്തിതാര്‍ത്ഥം മനസ്സിലാക്കി ഏറ്റവും സ്വാദിഷ്ടമായ വായുവും ജലവും ഭക്ഷണമാക്കി കാലം കഴിക്കാന്‍ തീരുമാനിച്ചുവോ???"
ഈ ചോദ്യത്തിനു എന്താണ് മറുപടി കിട്ടിയതെന്ന് പറയാനും മാത്രം ശക്തനല്ല ഞാന്‍. അത് ഞാന്‍ നിങ്ങള്ക്ക് വിടുന്നു. ഒന്ന് മാത്രം പറയാം, എന്റെ സ്നേഹിതര്‍ എന്നെ ഇത്രമാത്രം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു എന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. നിലത്തു വച്ചിട്ടില്ല അവരെന്നെ...!
Subscribe to:
Post Comments (Atom)
കഥയുടെ പേര് മാങ്ങാത്തൊലി എന്നക്കിയിരുന്നെങ്ങില്‍ നന്നായിരുന്നു. ആത്മചെതനയുടെ അന്തരാളങ്ങളില്‍ ഇനിയും ഇതുപോലെ വേറെ വിഴുപ്പുകള്‍ ഉണ്ടെങ്കില്‍ വല്ല ചവട്ടുകുട്ടയിലും കൊണ്ടുപോയി വാളു വേക്ക്.
ReplyDelete