Thursday, April 1, 2010

ഞാന്‍ കാത്തിരിക്കുന്നു.....

അനന്തമായ ആകാശത്തിലൂടെ പതുക്കെ ഒഴുകി മറയുന്ന അസ്തമയ സൂര്യനെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍. ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയെ പറ്റി ആലോചിക്കുമ്പോഴും ആര്‍ക്കും പ്രയോജനമില്ലാത്തതെന്നു മറ്റുള്ളവര്‍ വിചാരിക്കുന്ന, ഈ ജീവിതമങ്ങു അവസാനിപ്പിക്കാം എന്ന ഉള്‍പ്രേരണയെ തടഞ്ഞു നിര്‍ത്തിയിരുന്നത് കുമാര്‍സ് ബാറിലെ നനുത്ത സംഗീതത്തിലിരുന്നു അടിക്കുന്ന ബിയറിലെ നുരഞ്ഞമരുന്ന കുമിളകളും, കിച്ചണില്‍ നിന്നും വരുന്ന പൊരിച്ച കോഴിയുടെ മണവുമായിരുന്നു...
വരണ്ടുണങ്ങിയ എന്റെ ജീവിതത്തിലേക്ക് ഒരു കുളിര്‍തെന്നല്‍ പോലെ അവള്‍ വന്നു കയറിയത്, ദൈവം എനിക്ക് വേണ്ടി അവശേഷിപ്പിച്ച അവസാന വെളിച്ചവും ഊതിക്കെടുത്താനായിരുന്നു എന്ന് അപ്പോള്‍ ഞാനറിഞ്ഞില്ല.അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു.തിരുത്താനാകാത്തവണ്ണം അകപ്പെട്ടുപോയിരുന്നു, ഞാനും എന്റെ ജീവിതവും....

 ഇതുപോലെ കടലില്‍ കുളിച്ചുണ്ടുറങ്ങി രാത്രികഴിക്കാനായി സൂര്യന്‍ പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സമയത്താണ് ആ അത്യാഹിതം നടന്നത്,
ആറുമണി കഴിഞ്ഞരമണിക്കൂര്‍, രാവിലെമുതല്‍ കിട്ടിയ ശാപങ്ങളും കുത്തുവാക്കുകളും ഒരു കുപ്പി ബിയറില്‍ ഒഴുക്കി ശുദ്ധി വരുത്തിക്കൊണ്ട്, വളയങ്ങളായി മുകളിലേക്കുയരുന്ന സിഗരറ്റ് പുകയെ നോക്കി ഒരു സക്കറിയ സ്റ്റയിലില്‍ 'എന്തുണ്ട് വിശേഷം പിലാതോസേ' എന്ന് സ്വയം ചോദിച്ചിരിക്കുമ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത്.

വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടും ആരെങ്കിലും പണിതരാന്‍ വിളിക്കുന്നതാവില്ല എന്ന ഉറപ്പിനാലും എടുത്തു. ആന്‍സര്‍ ബട്ടണില്‍ ഞെക്കി.'ചേട്ടനല്ലേ' എന്ന ചോദ്യത്തിന്, 'ആ..'എന്നുപറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ മറുവശത്തുനിന്നും മുളചീന്തും പോലെ  ഒരു കരച്ചില്‍ ഒഴുകിവന്നു. അപ്പോഴാണ്‌ വിളിച്ച നമ്പര്‍ ഏതാണ് എന്ന് നോക്കുക എന്ന പൌരത്രിക ധര്‍മം ഓര്‍മവന്നത്. നോക്കി. സ്വാന്തനത്തിന്റെ കുളിര്‍തെന്നല്‍, എന്റെ...., എന്റെ കാമുകി...
അന്ധകാരമയമായ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടി....
കരച്ചില്‍ നിറുത്തി കാര്യം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും കരച്ചില്‍ തന്നെ മറുപടി...എന്റെ കാശുപോവില്ല എന്നതിനാലും, വേറൊന്നും ചെയ്യാനില്ല എന്നതിനാലും, ഭൂമീദേവിക്കൊക്കുന്ന ക്ഷമയോടെ ഞാനത് കേട്ടിരുന്നു. ഒന്നും പറയാന്‍ പോയില്ല, വെറുതെ എനര്‍ജി നഷ്ടപ്പെടുതുന്നതെന്തിനു?...കരച്ചിലിനിടയില്‍ വീണു കിട്ടിയ നിശബ്ദതകള്‍ക്കു ഇടയില്‍  അവള്‍, പറയാനുദ്ധേശിചത് ഞാന്‍ മനസ്സിലാക്കി എടുത്തു. അതെന്താനെന്നാല്‍, എല്ലാ പ്രേമബന്ധങ്ങള്‍ക്കും അവസാനം എത്തുന്ന പ്രതിബന്ധം തന്നെ. പെണ്ണിന്റെ അച്ഛന്‍, മകള്‍ക്കൊരു നല്ല ഭാവി വേണമെന്നാഗ്രഹിക്കുന്നു, കല്യാണം നിശ്ചയിക്കുന്നു. 
കല്യാണം നടന്നാല്‍ ശുഭം എന്ന് പറഞ്ഞു തനിക്കു വെറുതെ ഇരിക്കാം എന്ന് മൂപില്സ് കരുതിക്കാണും. പക്ഷെ നമ്മുടെ പ്രണയവിവശയായ  നായിക സമ്മതിക്കുമോ? എവിടെ...?
അവള്‍ക്കു പ്രേമിക്കാനോരാളെ വേണമെന്ന് തോന്നിയപ്പോള്‍ വെറുതെ നിന്ന് കൊടുത്തു എന്നല്ലാതെ വേറെ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. സാധാരണ കമുകകോന്തന്മാര്‍ ചെയ്യുന്ന ഒരു തരത്തിലുള്ള സര്‍കസും ഞാന്‍ ചെയ്തിട്ടില്ല. നോ ഐസ് ക്രീം, നോ പാര്‍ക്ക്, നോ മൂവി...നോ നതിംഗ്...ഇതൊന്നും ചെയ്തിട്ടില്ല എന്നല്ല, എന്റെ കൈയ്യിലെ കാശുകൊടുത്തു ചെയ്തിട്ടില്ല എന്നാണു.എല്ലാം അവള്‍ ശേയ്യല്‍. അല്ല അത് തന്നെ വേണമല്ലോ, ചുമ്മാ ഇരുന്ന എന്നെ കയറി പ്രേമിച്ചത് അവള്‍ അല്ലെ? ഞാന്‍ അവളുടെ പുറകെ നടന്നിട്ടില്ല, പ്രേമലേഖനം കൊടുത്തിട്ടില്ല, ഒന്നും ചെയ്തിട്ടില്ല...പിന്നെ എന്താ കുറച്ചു ഗമയില്‍ നടന്നു, ബുദ്ധിജീവിയാണെന്ന് ഭാവിച്ചു, കനപ്പെട്ട സാഹിത്യത്തെക്കുറിച്ച് മറ്റുള്ളവരുക്ക് മനസ്സിലാകാത്ത ഭാഷയില്‍ എന്തോ പറഞ്ഞു.അത്രതന്നെ.
ഇപ്പോഴത്തെ പ്രശ്നം എന്താ, അച്ഛന്‍ കണ്ടുപിടിച്ച എന്‍ജിനീയര്‍ ഭര്‍ത്താവിനെ അവള്‍ക്കു വേണ്ട, പകരം ഞാന്‍ കല്യാണം കഴിക്കണം. ഇല്ലെങ്കില്‍ അവള്‍ ചത്ത്‌കളയുമത്രെ!!! ചിലരുടെ ജാതകമങ്ങനെയാണ് നല്ലതെന്തു കണ്ടാലും വേണ്ട പകരം ചീഞ്ഞത് തേടി നടക്കും. നമ്മളെ പ്രേമിച്ചതാണല്ലോ, അവളുടെ പങ്കു കുറെ പറ്റിയതാണല്ലോ എന്ന് വിചാരിച്ചു കുറെ ഉപദേശിച്ചു നോക്കി. എവിടെ?
വരാനുള്ളത് വഴിയില്‍ തങ്ങുല എന്ന് പറഞ്ഞത് ശരിയായിരിക്കും, അല്ല അത് ശരിതന്നെയാണ്, ഇല്ലെങ്കില്‍ ഞാന്‍ കേറി സമ്മതിക്കുമോ?
അങ്ങനെ അവളുടെ ഭീഷണിക്ക് വഴങ്ങി ഞാന്‍....., ഈ ഞാന്‍ അവളെ രജിസ്ടര്‍ കല്യാണം കഴിച്ചു.

ഇപ്പോഴെന്താ സ്ഥിതി? വേലയും കൂലിയുമോന്നും ഇല്ലാത്ത എന്നെ, അവള്‍, എന്റെ ഭാര്യ ജോലിക്ക് പോയി നോക്കുന്നു, അതുമാത്രമോ, എന്നും വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു പിന്റും ഒരു പായ്ക്ക് സിഗരറ്റും വാങ്ങിക്കൊണ്ടുതരുന്നു...
പരാതികളില്ല, പരിഭവങ്ങളില്ല...അവളുടെ ആങ്കിളില്‍ നോക്കിയാല്‍ സ്വസ്ഥം സന്തുഷ്ട കുടുമ്പം....

ഒരേയൊരു കാര്യം മാത്രമേ അവള്‍ എന്നോടാവശ്യപ്പെട്ടിട്ടുള്ളൂ, ഒരു കേട്ട് പേപ്പറും പേനയും തന്നിട്ട് പറഞ്ഞു, "എന്തെങ്കിലും എഴുതൂ"...എന്തെഴുതാന്‍? ആ...
എങ്കിലും ആ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്ക് തല കുലുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ...

മൃഷ്ടാന്നം ഉണ്ട് കുളിച്ചു താമസിക്കുമ്പോഴും അവളെന്നെ എന്തിനു കൂടെ പൊറുപ്പിക്കുന്നു എന്ന ചോദ്യത്തിനൊപ്പം ഒരു ദുഖവും മാത്രം ബാക്കി..അത് കുമാര്‍സ് ബാറിലെ നനുത്ത സംഗീതത്തിലിരുന്നു കഴിച്ചിരുന്ന തണുത്ത ബീറും പിന്നെ ആ പൊരിച്ച കോഴിയുടെ മണവുമാണ്...എന്റെ വൈകുന്നെരങ്ങല്‍ക്കായി എന്റെ മനസ്സ് കേഴുന്നു, എന്റെ ഭാര്യേ, എന്ന് നീയെന്നെ ഇവിടുന്നടിച്ചു പുറത്താക്കും?? ഞാന്‍ കാത്തിരിക്കുന്നു.....