Friday, October 5, 2018

വേലിയഴിച്ചെടുക്കാംപാടത്തെ_വിശേഷങ്ങള്‍ 2

2

ചാത്തന്‍ കണിയാര്‍ രാവിലെ എണീറ്റത് ഇടം തിരിഞ്ഞാണ്. കഴുത്തിനു ഒരു ചെറിയ വേദന പോലെ തോന്നി, രാവിലത്തെ മുങ്ങിക്കുളിക്കിടയില്‍. കഴിഞ്ഞ രാത്രിയിലെ അത്യാദ്വാനത്തിന്റെ ഫലമാവാം എന്ന് വിചാരിച്ച് ഗോപ്യമായ ഒരു ചിരി ഉള്ളിലോതുക്കുകയും ചെയ്തു കണിയാര്‍, ജലതര്‍പ്പണം നടത്തുമ്പോള്‍.

ജപവും കുളിയും കഴിഞ്ഞു, വെള്ളത്തില്‍ നീട്ടിത്താളിച്ചെടുത്ത് പിഴിഞ്ഞ കോണകവും തോളിലിട്ടു, ത്യാഗരാജ കീര്‍ത്തനവും മൂളി വരുമ്പോഴാണ് ഇന്നത്തെ ദിവസം അത്ര പന്തിയാവില്ല എന്ന് കണിയാര്‍ക്ക് തോന്നിയത്.

ചുറ്റിപ്പിണയുന്ന പാമ്പുകളെ നോക്കി ശാന്തനായി കിടക്കുന്നു ഒരു തെരുവുനായ, ഒളിഞ്ഞു നോട്ടക്കാരന്റെ കൌശലതയോടെ.
ദേവീ, എന്ന് പ്രാര്തിച്ച്, നെഞ്ചത്ത് കൈ വച്ച് അമ്പലത്തിന്റെ ദിശയിലേക്ക് നോക്കി തൊഴുതപ്പോഴേ കണിയാര്‍ക്ക് ഉറപ്പായി, ഇന്ന് കടന്നു കിട്ടാന്‍ പാടാണ് എന്ന്.

പാടം കടന്നു പടിപ്പുര വാതില്‍ തള്ളി അകത്തേക്ക് ചെന്ന കണിയാരുടെ ഊര്‍ജം കണ്ടു ഭാര്യ കുഞ്ചിയമ്മക്ക് ചെറിയൊരു നാണം വന്നു, ഈ പ്രായത്തിലും എന്താ വികൃതി എന്നോര്‍ത്ത്. പക്ഷെ കണിയാരുടെ മുഖം കണ്ടതും കുഞ്ചിയമ്മയുടെ മുഖം ഇരുണ്ടു.

കാറ് കൂടിയിരിക്കുന്നു, പക്ഷെ വല്ലാത്ത ഒരു ശാന്തത. മുപ്പത്താറു വര്‍ഷത്തെ കണിയാരുടെ കൂടെയുള്ള ജീവിതം പഠിപ്പിച്ച ലക്ഷണശാസ്ത്രത്തിന്റെ ബലത്തില്‍ കുഞ്ചിയമ്മ ചില നിഗമനങ്ങളിലെത്തി. പറയാന്‍ വന്നതത്രയും ഉള്ളില്‍ തന്നെയൊതുക്കി വെറുതെ കണിയാര്‍ കണവനെ നോക്കി നിന്നു.

“രാവിലേ, കഞ്ഞിയാവാം അല്ലേ കുഞ്ച്യെ?” കണിയാര്‍ ചോദിച്ചു.
“വേറെ ഒന്നും ഇരുപ്പില്ലാത്തോണ്ട് അതന്നെയാവാം, വിഷമാവില്ല്യ”
തെങ്ങയുണ്ടൂച്ചാല്‍ ചുട്ടരച്ചൊരു ചമ്മന്ത്യാവാം, ഉപ്പിലിട്ട മാങ്ങേം, ആര്‍ഭാടം കുറയ്ക്കണ്ട”

കഞ്ഞീം കുടിച്ച് ഒരേമ്പക്കവും വിട്ടു വെറ്റില പാക്ക് ചവക്കുന്നതിനിടയിലാണ് ഒരു നിസാര കാര്യം പോലെ കണിയാര്‍ അത് പറഞ്ഞത്. സംയമനത്തോടെ മുഴുവനും കേട്ടിരുന്ന കുഞ്ചിയമ്മ ആ നിസാരത തന്നിലേക്കാവാഹിച്ചു.
പിന്നെ ചോദിച്ചു.” കുട്ട്യോളെ വിളിക്കണ്ടേ?”
“വേണ്ട, അവരിപ്പോ വന്നാല്‍ ശരിയാവില്ല.ഇന്നത്തെ ദിവസം കഴിയട്ടെ, നാളെ, നാളെ മതി. ഇന്നെത്തിയാല്‍ ചിലപ്പോള്‍ അവരുടെ ജീവനും കൂടി....” കണിയാര്‍ പറഞ്ഞു മുഴുമിപ്പിച്ചില്ല.

കുഞ്ചിയമ്മ ഒരു നിമിഷം, ഒന്ന് തേങ്ങണോ എന്ന് സംശയിച്ചു, പിന്നെ രണ്ടും കല്‍പ്പിച്ച്, ഒരു ശബ്ദം പുറത്തേക്ക് വിട്ടു.
“വിഷമിക്കരുത്, കുഞ്ചീ, കാലചക്രമാണ്, അതുരുളുന്നതിനനുസരിച്ച് എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഇങ്ങനെ ഒരു ദിവസം വരും. ഈ ദിവസം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമേ നമുക്കുള്ളൂ, നാളെയെക്കുറിച്ച് ചിന്തിച്ചിട്ട് എന്തുകാര്യം...??”

കുഞ്ചിയമ്മക്ക് ഒന്നും മനസ്സിലായില്ലെങ്കിലും വെറുതെ തലയാട്ടി. കണിയാര്‍ തുടര്‍ന്നു.
“ഇനി രണ്ടു മണിക്കൂര്‍, വേലിയഴിച്ചെടുക്കാംപാടത്തിന്റെ ശാന്തതക്ക് അത്രയേ ആയുസ്സുള്ളൂ, പിന്നെ എന്ത് സംഭവിക്കും എന്ന് പറയാനാവില്ല, ഒന്നുമാത്രം പറയാം, ഇതുവരെ കണ്ട വേലിയഴിച്ചെടുക്കാംപാടം ആവില്ല നാളെമുതല്‍.”

ഒന്ന് നിര്‍ത്തി, മുറ്റത്തെ തെങ്ങിന്‍ ചുവട്ടിലേക്ക് നീട്ടിത്തുപ്പി കണിയാര്‍ തുടര്‍ന്നു.
“ഇത് വരെ വേലിയഴിച്ചെടുക്കാംപാടത്തിനു ഒരു നീതിയുണ്ടായിരുന്നു, ആ നീതി കൈ മോശം വന്നിരിക്കുന്നു. കണ്ടന്‍ മഹാരാജാവിനു സ്ഥാനഭ്രംശം വരും, വടക്കൂന്നു വന്ന മൂത്തത് അധികാരം, ശൂദ്രച്ചിയില്‍ പിറന്ന മകനില്‍ എത്തിക്കും, പിന്നെ ഇവിടം ഒരു രണഭൂമിയാവും. അധികാരക്കച്ചവടങ്ങള്‍ ചിലരെ ധനികരാക്കും, ഇപ്പോള്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ദരിദ്രരും. കാലചക്രത്തിന്റെ വികൃതി. നമ്മുടെ മക്കള്‍ ഇതിലെവിടെയാവണം എന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂത്തവന്‍ കൃഷ്ണന്‍ എന്റെ ആവണപ്പലക എടുക്കണം, ഇളയവന്‍ വൈദ്യം പഠിക്കണം. ഇനിയുള്ള കാലം അധികാരവര്‍ഗത്തിന്റെ താങ്ങായി നില്‍ക്കണം, ഇല്ലെങ്കില്‍ വംശനാശം വന്നെക്കാമെന്നു ഞാന്‍ ഭയപ്പെടുന്നു”

“കണിയാരെ, ഇവിടാരൂല്ലേ?” മുന്‍ വശത്തുനിന്നും കേട്ട വിളിയാണ് കുഞ്ചിയമ്മയെ രക്ഷിച്ചത്. ഒരു നിശ്വാസത്തോടെ ആ സാധ്വി എണീറ്റു, കണിയാര്‍ ഒരു നിമിഷം മൌനമായി പ്രാര്തിച്ഛതിനു ശേഷം മുന്‍വശത്തേക്ക് നടന്നു.

ഉമ്മറത്ത് മൂത്തത് അയച്ച കാര്യക്കാരന്‍ ചന്തോത്തെ കുഞ്ഞിക്കണ്ണന്‍ ആയിരുന്നു.

“കണിയാര്‍, അടിയന്തിരമായി ഒന്ന് വരണം....”

“ദേവിയെ കാണാനില്ല അല്ലേ”? കണിയാര്‍ ഒരു പുഞ്ചിരിയോടെ അന്വേഷിച്ചു.

“കണിയാരെങ്ങനെ അറിഞ്ഞു, എന്ന സംശയം ചന്തോക്കാരനുണ്ടായില്ല. ഒന്ന് തൊഴുതു.

“പോവ്വ്വല്ലേ?”

“ഒരു നിമിഷം; യാത്ര പറയാനുണ്ട്. ഇനി ഒരു തിരിച്ചുവരവ്.......”

ആലോചിച്ച് വിഷമിക്കാനുള്ള മടികാരണം ചന്തോക്കാരന്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല.

“കുഞ്ചീ, നീ വയല്പ്പടിത്താഴത്തു, അമ്മായീടവിടെ പോയി നില്‍ക്കുക രണ്ടു നാള്‍, പിന്നെ തിരിച്ചു വന്നു കര്‍മ്മങ്ങള്‍ അനുഷ്ട്ടിക്കുക. നല്ലത് മാത്രം വരട്ടെ.” ഇതും പറഞ്ഞു കണിയാര്‍, കുഞ്ചിയമ്മയുടെ മുഖത്തു പോലും നോക്കാതെ, തിരിഞ്ഞു നോക്കാതെ, തന്റെ സഞ്ചിയുമെടുത്ത് നടന്നു, ചന്തോക്കാരന്റെ പിറകെ.
------------------- ---------------------------------- ------------------------------------
കൂനന്‍ മലയുടെ താഴെ ചാമ്പക്കയും തിന്നിരുന്ന ദേവിക്ക് കലശലായ ദേഷ്യം വന്നു തുടങ്ങിയിരുന്നു.

ദൂരം


ഒന്ന്.

ദൂരങ്ങള്‍ ഒക്കെ നമുക്ക് തന്നെ നടന്നു തീര്‍ക്കാനുള്ളതാണ്.
നടന്നു തുടങ്ങുമ്പോഴും തീരാറാവുമ്പോഴും തീര്‍ന്നു കഴിഞ്ഞാലും ആരെങ്കിലും കൂടെയുണ്ടാവുമെങ്കിലും നമ്മുടെ ദൂരം നമ്മള്‍ തന്നെ നടന്നു തീര്‍ക്കണം. ആള്‍ക്കൂട്ടത്തില്‍ തനിയെ ആയത് പോലെയാണ്, നമ്മള്‍ നമ്മുടെ ലക്ഷ്യത്തിലേക്ക് നടന്നു കയറുന്നത്.
ഒരു ലക്ഷ്യവുമില്ലാത്തവനാണ് ഞാന്‍ എന്ന് പറയാറുണ്ട്, പലരും. ഞാനും അങ്ങെനെ ഒരാളായിരുന്നു. ലക്ഷ്യം എന്താണ് എന്നാരെങ്കിലും ചോദിച്ചാല്‍, ഇങ്ങനത്തെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കുക എന്നും പറഞ്ഞു നടന്നകന്നിരുന്ന ഒരുകാലം.ആ പറച്ചിലും നടത്തവും ഒരു ലക്ഷ്യത്തിന്റെ ചെറു കഷണങ്ങള്‍ ആയിരുന്നു എന്ന് അപ്പോള്‍ മനസിലാക്കാന്‍ ആവതുണ്ടായിരുന്നില്ല.
പുനര്‍വിചാരങ്ങളുടെ കാലമാണ്.
ആത്മാവില്‍ അഹത്തിനെ കുഴിച്ചുമൂടി, സാത്വികനായിരിക്കുകയാണ്.
രാജസ്വിയില്‍ നിന്നും സാത്വികനിലെക്കൊരു യാത്ര.
അടഞ്ഞു തുടങ്ങിയ മിഴികളില്‍ നീരുറവ പൊടിഞ്ഞിരുന്നു. തുടക്കാന്‍ മിനക്കെട്ടില്ല.. മൂകാംബികയിലെ തണുപ്പ് ഉള്ളിലെ ചൂടിനെ പതുക്കെ ആറ്റി അകറ്റുന്നു. തണുപ്പ് ഒരാശ്വാസമാണ്. മഴ പെയ്ത മാനം ഇനിയും തെളിഞ്ഞിട്ടില്ല. സൌപര്‍ണികയിലെ വെള്ളം കലങ്ങിയാണ് ഒഴുകുന്നത്. ഒന്ന് മുങ്ങി നിവര്‍ന്നാല്‍ പാപങ്ങള്‍ കഴുകിപ്പോകുമോ? അറിയില്ല.
കാലം തെറ്റിയ മഴ, മൂടല്‍ മഞ്ഞിനെ അകറ്റി നിര്‍ത്തിയിരുന്നു. പൂര്‍വാധികം ശക്തിയോടെ അവ തിരിച്ചെത്തുകയാണ്.ദേവികയെ മൂടല്‍ മഞ്ഞിനിടയില്‍ കാണാതായി. ഹൃദയം ചെറുതായി വിറ കൊണ്ടു. കാലമിത്രകഴിഞ്ഞിട്ടും ഒരു നിമിഷം അവളെ കാണാതായാല്‍ മനസിന്‌ ചെറിയ വിങ്ങലാണ്, അകാരണമായ ഭയവും.
കണ്ണടച്ചു. തണുപ്പ് കൂടി വരുന്നു. സുഖകരമായ ഭക്തി ഗാനങ്ങള്‍ ഒഴുകി വരുന്നുണ്ടോ? അതും മലയാളത്തില്‍. നിശബ്ദതയെ തകര്‍ക്കുന്നു എങ്കിലും ഈ അവസരത്തില്‍ ആസ്വാദ്യകരമായി തോന്നി. അല്ലെങ്കിലും ദാസേട്ടന്റെ ശബ്ദത്തില്‍ സെമിക്ലാസിക്കല്‍ ഗാനങ്ങള്‍ കേള്‍ക്കാന്‍ ആര്‍ക്കാണിഷ്ട്ടമില്ലാതാവുക?
പ്രമദവനം പാടി ഗ്രീഷ്മയെ വശത്താക്കിയ കഥ എനിക്കെങ്ങനെ മറക്കാന്‍ സാധിക്കും..!
ഗ്രീഷ്മ, ആനക്കാരന്‍ അച്യുതന്‍ കുട്ടിയുടെ മോള്‍. ഒരുത്സവത്തിനു തുടങ്ങി മറ്റൊരു ഉത്സവം വരെ ഉണ്ടായിരുന്ന ഒരു ക്രേസ്. ഹൃദയത്തിന് മേല്‍ വരച്ച മഞ്ഞുതുള്ളി. രാജസ്വി ഉണരുകയാണോ.?
തണുത്ത കാറ്റിനെ പിന്നിലാക്കി ഒരു കരം നെറ്റിയില്‍ പതിഞ്ഞു. കണ്ണ് തുറക്കണ്ട ആരാണെന്നറിയാന്‍, ദേവികയാണ്. ഏതു വേനലിനും മായ്ക്കാന്‍ കഴിയാത്ത ചന്ദനത്തിന്റെ തണുപ്പുള്ള കൈകള്‍ സ്വന്തമായുള്ളവള്‍, എന്റെ പുണ്യം.
എന്നാണു ദേവികയെ ആദ്യമായി കണ്ടത്?
അവള്‍ അടുത്തേക്കിരുന്നു.കൈകള്‍ എന്റെ കൈകളോട് ചേര്‍ത്തു പിടിച്ചു.
“നടക്കണോ”
“വേണ്ട, ഇവിടിങ്ങിനെ ഇരിക്കാം. ഈ തണുത്ത കാറ്റും കൊണ്ട് ഇങ്ങനെ ചേര്‍ന്നിരിക്കുന്ന സുഖം കിട്ടില്ലല്ലോ” അവള്‍ പറഞ്ഞു.
ദേവികയെ ആദ്യമായി കണ്ടത് 96ല്‍ ആണ്. ബോംബെ മുംബൈ ആയി മാറി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍. കൃത്യമായി പറഞ്ഞാല്‍ അന്ധേരി സ്പോര്‍ട്സ് കോമ്പ്ലക്സില്‍ നവംബര്‍ ഒന്നാം തിയതി. മൈക്കല്‍ ജാക്സന്റെ കണ്‍സെര്ട്ടിനിടയില്‍. ഇരുപത്തൊന്‍പതാമത്തെ വയസില്‍ അതിനു തലേക്കൊല്ലം സ്ടോക്ക് മാര്‍ക്കറ്റിന്റെ ഉള്ളുകള്ളികള്‍ പഠിക്കാനായി ബോബെക്ക് വണ്ടി കയറിയതാണ്. ഹര്‍ഷദ്‌ മേഹ്ത്തയുടെ സ്റ്റാര്‍ ഇമേജ് കണ്ടു ആകൃഷ്ട്ടരായി ബോംബയ്ക്ക് വണ്ടികയറിയ അനേകരില്‍ ഒരാള്‍. അഗര്‍വാള്‍ ഫെംസില്‍ കൈകുത്തി നടക്കുമ്പോഴാണ് ആ ഷോക്ക് ടിക്കറ്റ് കിട്ടുന്നത്. ആരായിരുന്നു അവന്‍? ഓര്‍മ്മയില്ല. എന്തിനാണ് ഞാന്‍ കൂടെപ്പോയത്‌?
“ഞാന്‍ അന്ന് മൈക്കില്‍ ജാക്സന്റെ കച്ചേരിക്ക് എങ്ങനെ വന്നൂ എന്ന് ഓര്‍മ്മയുണ്ടോ?”
“പിന്നില്ലാതെ. ജീവിതം മാറ്റി മറിച്ച ദിവസം അല്ലേ, മറക്കാന്‍ പറ്റ്വോ” കിഷോര്‍ ഗുലാത്തിയുടെ വൈഫിന്റെ പാസിലാണ് നിങ്ങള്‍ വന്നത്.”
“യെസ് യെസ്, അവന്റെ വൈഫ് അവന്റെ ചേതക്കില്‍ നിന്ന് വീണു, നടു ഉളുക്കിയിരുന്ന സമയം.അന്നാ ടിക്കറ്റ് കിട്ടീലാരുന്നെങ്കില്‍ നമ്മള്‍ ചിലപ്പോ ഒരിക്കലും കാണില്ലാരുന്നു, അല്ലേ?”
“ചിലപ്പോ”
“പിന്നെ ഒരിക്കലും മൈക്കില്‍ ജാക്സന്റെ ഒരു കണ്സേര്റ്റ് കാണാന്‍ പറ്റീട്ടില്ല. “
“അന്ന് നമ്മള്‍ എന്തോ കണ്ടത് പോലെ”
ശരിയാണ്. അന്ന് ഞങ്ങള്‍ മുഴുവന്‍ സമയവും കണ്ണില്‍ നോക്കിയിരുന്നാണ് ചിലവാക്കിയത്. ചുറ്റും നടക്കുന്നതൊന്നും അറിയാതെ. ഞാനും അവളും മാത്രം. അറുപതിനായിരത്തോളം വരുന്ന ബാക്കി കാണികളെ ഞങ്ങള്‍ കണ്ടില്ല. അതിലുമധികം വരുന്ന പുറത്ത് തിക്കി തിരക്കിയിരുന്ന ആള്‍ക്കാരും ഞങ്ങള്‍ക്ക് പ്രശ്നമായിരുന്നില്ല.
“നമ്മള്‍ എങ്ങനെ ആണ് കണ്ടു മുട്ടിയത് എന്നോര്‍മ്മയുണ്ടോ?”
“ബൈ ആക്സിടന്റ്റ് അല്ലേ?”
അതേ, പ്യുവര്‍ ആക്സിടന്റ്റ്. എന്റെ ഉള്ളില്‍ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു. പക്ഷെ ചുണ്ടില്‍ വിരിഞ്ഞ ചിരി അവള്‍ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു.
“എന്താ ഇപ്പൊ ഒരു ചിരി?”
ചോദ്യം ഞാന്‍ വ്യക്തമായി കേട്ടില്ല. മുംബൈ എന്ന് പറയാന്‍ നാവു വഴങ്ങാതിരുന്ന കാലത്തിലേക്ക് മനസുകൊണ്ടുള്ള പ്രയാണം അപ്പഴേക്കും തുടങ്ങിക്കഴിഞ്ഞിരുന്നു ഞാന്‍.
ഒരു ദീര്‍ഘനിശ്വാസത്തോടെ ചാഞ്ഞിരുന്നു.

തുടരും.

Memmories

പിടുത്തം തരാതെ വഴുതി മാറുന്ന പരൽ മീനുകളെ പോലെ ഓർമ്മകൾ.
കഴിഞ്ഞ കാലങ്ങളെ കുറിച്ച് ഓർക്കുന്നത് ഒരു രസമുള്ള പരിപാടിയാണ്. സുഖമുള്ളതോ അല്ലാത്തതോ ആയ കാര്യങ്ങൾ ആയാൽ പോലും. ഓർമ്മകൾ സുഖമാണ്. ഇന്നെവിടെ നിൽക്കുന്നു എന്ന് മനസിലാക്കിക്കും ചിലപ്പോൾ. എത്ര ദൂരം ഇനിയും പോകാൻ ഉണ്ടെന്ന് ഓർമ്മിപ്പിക്കും മറ്റു ചിലപ്പോൾ.
കഴിഞ്ഞ ദിവസം, ടെറസിൽ കയറി നിന്ന് വൈകുന്നേര കാഴ്ചകളിലേക്ക് മിഴി നീട്ടിയപ്പോളാണ് ഒരു വ്യാഴവട്ടത്തിന്റെ ഓർമ്മകൾ തികട്ടി വന്നത്.
വീടിനോട് ചേർന്ന് കിടക്കുന്ന അടുത്ത പുരയിടം ഒരു റബർ തോട്ടമായിരുന്നു മുൻപ്. ഒരുപാട് ഓടിക്കളിച്ചിരുന്ന റബർ തോട്ടം. ഇന്നത് പല പ്ലോട്ടുകളായി തിരിഞ്ഞു കിടക്കുന്നു, കാപ്പ, വാഴ ഒക്കേ കൃഷി ചെയ്തിട്ടുണ്ട് ചിലഭാഗത്ത്, ബാക്കി വെറുതെ കിടക്കുന്നു. ഒരു വീട് പൊന്തിയിട്ടുണ്ട്, ഒരു വീടിനുള്ള തറ കെട്ടിയിരിക്കുന്നു. മുൻപ് വീട്ടിൽ നിന്നാൽ കാണാൻ പറ്റില്ലായിരുന്നു മെയിൻ റോഡ്, മരങ്ങൾ കാരണം, ഇപ്പോൾ കാണാം.
സ്‌കൂൾ വിട്ടു നടന്നു വരുമ്പോൾ, പിന്നാലെ വരുന്ന ക്രഷിനെ കാണാൻ വേണ്ടി ഓടിക്കയറിയിരുന്ന പ്ലാവ് അങ്ങനെ തന്നെ നിൽക്കുന്നുണ്ട്. പണ്ടത്തേതിനേക്കാൾ ക്ഷീണിച്ചോ? ഇരമ്പിറക്കിയതാണ്. മരങ്ങൾക്ക് വലിയ മാറ്റങ്ങൾ ഒന്നുമില്ല. പ്ലാവുകൾക്കും മാവുകൾക്കും ഉയരം ഇത്തിരി കൂടിയതല്ലാതെ വണ്ണം അധികം വച്ചിട്ടില്ല, പതിറ്റാണ്ടുകൾ എന്താണ് ഇവറ്റകളിൽ മാറ്റങ്ങൾ വരുത്താത്തത്? പതിനഞ്ച് വർഷങ്ങൾ എന്നിലുണ്ടാക്കിയ മാറ്റങ്ങൾ എനിക്ക് തന്നെ തിരിച്ചറിയാൻ പറ്റാത്തത്രയുമാണ്. എന്തുകൊണ്ട് ഞാനും മരങ്ങളെ പോലെയാകുന്നില്ല...!
കളിവീടുണ്ടാക്കി കളിച്ചിരുന്ന ചാമ്പ ചുവട് അനാഥമായി കിടക്കുന്നു. നിറയെ കായ്ച്ചിരുന്ന ചാമ്പ വർഷങ്ങളായി  കായ്ച്ചിട്ട് .
സ്ഥിര സാന്നിധ്യമായിരുന്ന വായനശാലയും കാണാം ടെറസിനു മുകളിൽ നിന്നാൽ.98 ലോ 99 ലോ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതിനു ശേഷം പെയിന്റെ തൊട്ടിട്ടില്ല എന്ന് തോന്നുന്നു.കൃഷ്‍ണൻ കുട്ടി ചേട്ടൻ തന്നെയാവും ഇപ്പോഴും ലൈബ്രെറിയൻ . അഞ്ച് മണിക്ക് വന്നു അഞ്ചേമുക്കാലിന് ഷട്ടറിടുന്ന കൃഷ്‌ണൻ കുട്ടി ചേട്ടൻ.
വനദീപം വായനശാല എനിക്ക് ഒറ്റക്ക് നടക്കാനാവുമ്പഴേക്ക് അതിന്റെ പ്രതാപം കൈവെടിഞ്ഞിരുന്നു. പഴയ കെട്ടിടത്തിൽ കൊച്ചച്ചന്റെ കൈയും പിടിച്ച്  ആദ്യമായി ചെന്ന് കയറുമ്പോൾ അകത്ത് ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു. ചെറിയ രണ്ടു മുറികളിലെ അലമാരകളിൽ ഒരുപാട് പുസ്തകങ്ങങ്ങളും. ഹാളിലെ ടിവി കാണാൻ ആൾക്കാർ തിക്കിക്കൂടിയിരുന്നു. നാട്ടിലെ സാംസ്കാരിക സ്ഥാനമായിരുന്നു വായനശാല. 90 കളിലെ സാക്ഷരതാ മിഷന്റെ നേതൃത്വം വഹിച്ചിരുന്നവരും വായനശാലാ പ്രതിനിധികൾ തന്നെ.
പുതിയ മൂന്നുനില കെട്ടിടം വന്നു. വലിയ ഹാളുകൾ പുസ്തകം വയ്ക്കാനായി. പക്ഷെ അപ്പോഴേക്കും മറ്റേതൊരു ഗ്രാമ പ്രദേശത്തെയും പോലെ ബൈസൺ വാലിയേയും കേബിൾ ടിവി കീഴടക്കി കഴിഞ്ഞിരുന്നു.പ്ലസ്ടൂ കഴിഞ്ഞു ബൈസൺ വാലി വിട്ടു ഞാൻ പുറത്തേക്ക് പോകും വരെ എന്റെ വൈകുന്നേരങ്ങൾ അവിടെ തന്നെയായിരുന്നു പക്ഷെ. തിരിച്ചു പോരുമ്പോൾ കക്ഷത്തിൽ രണ്ടോ മൂന്നോ പുസ്തകങ്ങൾ, മറ്റാർക്കും കിട്ടാത്ത പ്രിവിലേജ്. ഒരു രാത്രിയിലേക്ക്. പഠനത്തിന്റെ ഇടവേളകളിൽ കിട്ടുന്ന രണ്ടുമാസ അവധിക്കാലത്ത് വീണ്ടും ചെല്ലുമായിരുന്നു, പിന്നെ പിന്നെ പോക്കുകൾ കുറഞ്ഞു. ജോലിക്ക് കയറിയതിനു ശേഷം പോയിട്ടേ ഇല്ല എന്ന് തോന്നുന്നു.8  വർഷങ്ങൾ. പക്ഷെ ഇപ്പോഴും അതിന്റെ ഉള്ളകകങ്ങൾ സുപരിചിതമാണ്.നീലനിറത്തിലുള്ള ഇരുമ്പിന്റെ അലമാരകൾ, നടുവിലെ ടേബിൾ, കാരംസിന്റെ ബോർഡ്, പതിയായ ചെസ് ബോർഡിലെ ഗെയിം. മെമ്പർഷിപ് പുതുക്കണം. ബന്ധങ്ങളും.
വായനശാലയുടെ ഉയർച്ചയും താഴ്ചയും പോലെ തന്നെ കൂടെ കൂട്ടാവുന്നതാണ് ബൈസൺ വാലിയുടെ വൈകുന്നേരങ്ങളെ വൈബ്രന്റ് ആക്കിയിരുന്ന വേലായുധ ടാക്കീസിനെ.
ശനിയാഴ്ച വൈകുന്നേരങ്ങളിലെ ഫസ്റ്റ് ഷോകൾ ആണ് വേലായുധ ടാക്കീസിനെ കുറിച്ചുള്ള എന്റെ ഓർമ്മകൾ. റാംജി റാവു സ്പീക്കിംഗിലെ ക്ളൈമാക്സ് ഫൈറ്റ് ആണ് കറുത്ത മുഖം മൂടി വച്ചിട്ടുള്ള, എന്റെ ആദ്യത്തെ സിനിമാ ഓർമ്മ.
മറ്റു വിനോദോപാധികൾ ഒന്നുമില്ലാതിരുന്ന സമയത്ത്, താരതമ്യേനെ നല്ല സിനിമാ പ്രേമികൾ ആയിരുന്ന മാതാപിതാക്കൾ ഉണ്ടായിരുന്നത് വലിയ അനുഗ്രഹമായിരുന്നു. ശനിയാഴ്ച എന്നൊരു ദിവസം ഉണ്ടെങ്കിൽ, തീയറ്ററിൽ പുതിയ മലയാളം മൂവി ആണെങ്കിൽ ഞങ്ങൾ നാല് പേർ  തീയറ്ററിൽ ഉണ്ടായിരിക്കും.ടിക്കറ്റ് ഒക്കെ എടുക്കുന്നതിനു മുന്നേ ഞങ്ങൾ അമ്മയും മക്കളും ഹാളിൽ കയറി ഇരിക്കും. അന്ന് സ്ഥിരമായി വരുന്നവർക്കെല്ലാം മാധവൻ ചേട്ടൻ ഈ സൗജന്യം അനുവദിച്ച് കൊടുക്ക്കാറുണ്ടായിരുന്നു. 2001 ലോ 02 ലോ തീയറ്റർ അടച്ചു പൂട്ടുന്നത് വരെ ഈ പതിവ് തുടർന്നു .
പറഞ്ഞു വന്നത് പിടി തരാതെ വഴുതി പോകുന്ന ഓർമ്മകളെ കുറിച്ചാണ്.
ആൾക്കാരുടെ പേരുകൾ ആണ് ഏറ്റവും വലിയ വഴുതൽ വീരന്മാർ. കൂടെ പഠിച്ച ഒരുപാട് പേരുടെ അന്നത്തെ മുഖം ഓർമ്മയിലുണ്ടെങ്കിലും പേരുകൾ ഇല.എന്തിനു അധികം പിന്നോട്ട് പോകണം, ഫേസ്‌ബുക്കിൽ ഫ്രെണ്ട്സ് ലിസ്റ്റിൽ ഉള്ള പകുതിയോളം പേരെ കണക്ട് ചെയ്യാനേ സാധിക്കുന്നില്ല. ചില പോസ്റ്റുകളിലെ ലൈക്കുകളിലും കമന്റുകളിലും കാണുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കും ആരാണിവർ, എങ്ങനെ നമ്മൾ ഫ്രെണ്ട്സ് ആയി എന്ന്. ചിലരുടെ പോസ്റ്റുകൾ ടൈം ലൈനിൽ വരുമ്പോളും ഓർക്കും, എങ്ങനെ എന്ന്..!! മിക്കവാറും പേർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടാകാം എന്നാണു എന്റെ ഒരു തോന്നൽ. ആ ഒരു എക്സ്ക്യൂസിൽ രക്ഷപെട്ടു പോകാം 
ദൈവം സഹായിച്ച് എനിക്ക് ക്രഷ് ഉണ്ടായിരുന്നവരെയും എന്നോട് ക്രഷ് ഉണ്ടായിരുന്നവരെയും നല്ല ഓർമ്മയുണ്ട്, ടച്ചിൽ ഇല്ലാ എങ്കിൽ പോലും :)