Tuesday, March 23, 2010

ഒരു ചെറിയ പ്രണയകഥ ഭാഗം 2

'ആറാട്ട്‌ കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍....'
എഫ് എമ്മില്‍ നിന്നും ഒരു പാട്ട് ഒഴുകി വരുന്നുണ്ടായിരുന്നു...
വിളക്ക് വച്ചു രാമനാമം ജപിച്ചിരിക്കേണ്ട സമയത്താണ്, എഫ്. എം റേഡിയോയും വച്ചു കിടക്കുന്നത്...അമ്മയിവിടെയില്ലേ...
മിഴികള്‍ ചുവരിലെ ക്ലോക്കിലേക്ക് നീണ്ടു. 6:45, ഓ, ദീപാരാധാനാ സമയമാണ്, മുത്തശ്ശിയോടൊപ്പം അമ്പലത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞു പോയത് മറന്നു. വേറെയും ഏതാണ്ടൊക്കെ ചെയ്യാന്‍ പറഞ്ഞിരുന്നല്ലോ? എന്താത്..? അതും മറന്നോ? എങ്കില്‍..........ഈശ്വരാ....
പാത്രം മോറിയിട്ടില്ല, മുറ്റം അടിച്ചിട്ടില്ല..വിളക്കും വച്ചിട്ടില്ല...അത്രയും ചെയ്‌താല്‍ മതി..
പക്ഷെ കണ്ണുമടച്ചിരുന്നു, പാട്ടും കേട്ട് ദിവാസ്വപ്നം കാണുന്നതിന്റെ സുഖം ഈ പണികളൊക്കെ ചെയ്‌താല്‍ കിട്ടുമോ? എവിടെ...
ഇനി അര മണിക്കൂറുണ്ട് അവര്‍ വരാന്‍....
എണീറ്റു...മുറ്റത്തേക്ക് ചൂലുമായി ഇറങ്ങി അടിച്ചു എന്ന് വരുത്തി, മുഖവും കാലും കഴുകി വിളക്ക് വച്ചു....ഭാഗ്യം അവര്‍ ഇതുവരെ വന്നിട്ടില്ല...പത്രം കഴുകിതീര്‍ക്കാനുള്ള സമയമുണ്ടോ?

"സന്ധ്യക്കീ പാട്ടുകളൊക്കെ വച്ചീ പെണ്നിതവിടെ എന്തെടുക്കുവാ?"
അയ്യോ...എല്ലാം ചെയ്തു എഫ് എം ഓഫ്‌ ചെയ്യാന്‍ മറന്നു....പറ്റിയ പാട്ടല്ലേ ഒഴുകിവരുന്നത്‌..."ഹോസ്ന.." എന്റെ കാര്യം കട്ടപ്പുക..അമ്മ ഇന്നെന്നെ കൊല്ലാതെ കൊല്ലും....
                                                            *******                                           *******
"ഈ പെണ്ണിന് പഠിക്കാനോന്നുമില്ലേ?" പത്തു മണിയായി എന്നിട്ടും അമ്മയുടെ ചോദ്യം കേട്ടില്ലേ...പഠിക്കാനോന്നുമില്ലെന്നു....
കേള്‍ക്കാത്ത ഭാവത്തില്‍ കണ്ണടച്ച് കിടന്നു...അപ്പോഴതാ, കര്‍ട്ടനുയര്തിയതുപോലെ ആ മുഖം മുന്‍പില്‍..ചിരിച്ചുകൊണ്ട്...
കണ്ണടച്ചാലും ഇല്ലെങ്കിലും ഈ മുഖം തന്നെയാണ് മുന്‍പില്‍ എപ്പോഴും..
ഈയിടെയായി പതിവിലും അധികം വഴക്ക് കേള്‍ക്കുന്നതും അതുകാരണമാണ്...എങ്കിലും ആ മുഖം...അതോര്‍ക്കാതെ ഒരു നിമിഷം പോലും വയ്യ...
എപ്പോഴായിരുന്നു അവനെ ആദ്യമായി കണ്ടത്.? പുതിയതായി ജോയിന്‍ ചെയ്ത ഞങ്ങള്‍ക്ക് സ്വാഗതമോതാന്‍ സ്റ്റേജില്‍ കയറിയപ്പോഴാണ്...പിന്നെ പലപ്പോഴും കോളേജിന്റെ വരാന്തയില്‍ കൂടി നടക്കുമ്പോള്‍...കാന്റീനില്‍ വച്ച്.... അങ്ങനെ പലയിടത്തും...പക്ഷെ എന്തായിരുന്നു അവന്റെ ഒരു ഭാവം? മൈന്‍ഡ് ചെയ്തിട്ടേയില്ല...അല്ല അതിനു ഞാന്‍ മുന്നില്‍ ചെന്ന് നിന്നു കൊടുത്തിട്ട് വേണ്ടേ..?
എന്നാലും അന്നമ്പലത്തില്‍ വച്ചു കണ്ടപ്പോള്‍ അവനെന്നെ ഒന്ന് നോക്കി...ഉള്ളില്‍ നിന്നും ഒരു മിന്നല്‍ പുറത്തേക്കു വന്നതുപോലെയാ തോന്നിയത്...ഉള്ളിലെ പിടച്ചിലും സന്തോഷവും പുറത്തു കാണിക്കാതെ അവിടന്ന് ഒന്ന് രക്ഷപെടാന്‍ പെട്ട പാട്...ഹോ..
പിന്നീടെന്നും രാവിലെ അമ്പലത്തിലേക്കുള്ള വഴിയില്‍ അവനെ കണ്ടപ്പോള്‍ ഉള്ളിലോരാശാങ്കയായിരുന്നു....ആരെയാണ് ഇവന്‍ നോക്കി നില്‍ക്കുന്നതെന്ന്. പിന്നെ എന്നെക്കാണുമ്പോള്‍ ഉള്ള ആ പരുങ്ങലും കള്ള നോട്ടവും...ഒക്കെ.....
ഒരേ കോളേജില്‍ പഠിച്ചിട്ടും കാണാത്ത എന്നെ കാണാന്‍ അവന്‍ രാവിലെ മഞ്ഞും കൊണ്ട് നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു രസമായിരുന്നു...
ഇവനെന്താണ് ഒന്ന് വന്നു മിണ്ടാത്തത് എന്ന് ഒരുപാട് തവണ സ്വയം ചോദിച്ചു...അങ്ങോട്ട്‌ കയറി മുട്ടാനുള്ള ധൈര്യം ഒട്ടു വന്നതുമില്ല.
ഇന്നലെയാണ്....ഇങ്ങനെ മനോരാജ്യവും കണ്ടു കിടക്കുമ്പോള്‍ ഏട്ടന്‍ വന്നത്....മുഖത്തുനോക്കിയതും കണ്ടു പിടിച്ചു കള്ളത്തരം..ഒന്നേ ചോദിച്ചുള്ളൂ...ആരാ കക്ഷിയെന്ന്...കൈയ്യോടെ പിടിക്കപ്പെട്ടാല്‍, കുറ്റസമ്മതമാണല്ലോ ഏറ്റവും നല്ല മാര്‍ഗം..ഞാനും അത് തന്നെ ചെയ്തു...എല്ലാം കേട്ട് അങ്ങേരൊരു ചിരി...അല്ല 'എലിക്കു പ്രാണവേദന, പൂച്ചക്ക് വീണവായന' എന്നാണല്ലോ....എന്റെ നഖത്തിന്റെ മൂര്‍ച്ച കുറച്ചനുഭവിച്ചപ്പോള്‍, ചേട്ടനൊരു മയം വന്നു...
പിന്നെ ഈ കഥാപാത്രത്തെ കാണണമെന്നായി....എത്ര പറഞ്ഞിട്ടും നോ രക്ഷ...

പതിവ് പോലെ ഇന്നും അവന്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. വെള്ള മുണ്ടും നേര്‍ത്ത ചുവന്ന നിറമുള്ള ഷര്‍ട്ടും ധരിച്ച്....മുഖത്ത് പതിവില്ലാത്ത ഒരു ഭാവം ഉണ്ടായിരുന്നോ? ചേട്ടനെ കണ്ടപ്പോള്‍ ഒരു ഭയം....അതായിരിക്കാം...
എന്തായാലും നാളെ...അവനോടു സംസാരിക്കണം....ചേട്ടന്‍ ഗ്രീന്‍ സിഗ്നല്‍ തന്നു കഴിഞ്ഞു....ഇനി എന്ത് വേണം....
പക്ഷെ എങ്ങനെ അപ്രോച് ചെയ്യുമെന്നോര്‍ക്കുമ്പോള്‍ ഒരു....ഒരിത്...ചമ്മലാണോ അതോ...
മലര്‍ക്കിനാവിന്റെ മഞ്ജലിലെരി പുല്‍മേടുകള്‍ നിറഞ്ഞ യുറോപ്യന്‍ നാടുകളിലേക്ക് യുഗ്മഗാനം പാടാന്‍ പോയി എന്റെ മനസ്സ്...ഉറക്കത്തിലേക്കു വഴുതി വീഴുന്നതിനും മുന്‍പ്....
എഫ്. എം റേഡിയോ പാടുന്നുണ്ടായിരുന്നു...
"ശാരദേന്‍ദു പാടി,
നാളെ നല്ല നാളെ...ഓമലെ........."


നാളെ..........................................????
   

5 comments:

  1. ഒരു ചെറിയ പ്രണയ കഥയുടെ രണ്ടാംഭാഗമാണിത്....വഴിതിരിവുകലോന്നുമില്ല....ആദ്യ ഭാഗത്തിലെ കാമുകന്‍ സ്നേഹിച്ച പെണ്ണിന്റെ വീക്ഷണ കോണില്‍ കൂടി ആ സംഭവം ഒന്ന് നോക്കി കണ്ടു...അത്രതന്നെ...മുന്‍ധാരണകളോടെ ഒരു കാര്യത്തെ കണ്ടാലുണ്ടാകാവുന്നകുഴപ്പങ്ങളെക്കുരിച്ചാണ് പറയാന്‍ ഉദ്ദേശിച്ചത്...

    ReplyDelete
  2. ഇപ്പഴെങ്കിലും പറഞ്ഞ് തീര്‍ക്കും എന്ന് കരുതി :(

    ReplyDelete
  3. മുന്‍ധാരണ വരുത്തി വെക്കുന്ന ഓരോ കുഴപ്പങ്ങളേ.:)
    എന്നിട്ടോ?

    ReplyDelete
  4. @ ശ്രീ... പറഞ്ഞുതീര്‍ക്കണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം, പക്ഷെ മെഗാ സീരിയലുകലുടെയോ മെഗാ നോവലുകലുടെയോ എഫെക്റ്റ് ആണോ എന്നറിയില്ല....സംഭവമങ്ങു തീരുന്നില്ല..വിലാസിനി 'അവകാശികളില്‍' പയറ്റിയ ഒരു ടെക്നിക്കാ....വിജയിക്കുമോന്നു കണ്ടറിയാം....
    @ Rare റോസ്... മുന്‍വിധികളോടെ കാര്യങ്ങളെ സമീപിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ, ഇനി എന്താവുമെന്ന് കാത്തിരുന്നു കാണൂ...എനിക്കുതന്നെ അറിയില്ല ഇനി എന്താണെഴുതെണ്ടത് എന്ന്...
    @ ഏറക്കാടന്‍......ദേ, ഇപ്പം നിറുത്താം, ക്ലൈമാക്സ്‌ കിട്ടട്ടെ...ഉദയനാണ് താരത്തില്‍ മോഹന്‍ലാല്‍ ഓടിപ്പാഞ്ഞു നടന്നു പറഞ്ഞതുപോലെ 'ക്ലൈമാക്സ്‌ കിട്ടി' എന്ന് പറയാറായിട്ടില്ല...

    ReplyDelete