Wednesday, March 10, 2010

ഒരു ചെറിയ പ്രണയകഥ.....ഭാഗം ഒന്ന്....

പുലരി അതിന്റെ മഞ്ഞില്‍ മെനഞ്ഞ ജമുക്കാളം പതുക്കെ മാറ്റി മലമുകളില്‍ നിന്ന് താഴേക്കെത്തി നോക്കി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇലകള്‍ പൊഴിഞ്ഞു തുടങ്ങിയ റബര്‍ മരങ്ങളുടെ ഇടയിലൂടെ പ്രഭാതാര്‍ക്കന്റെ കിരണങ്ങള്‍ ഭൂമിയെ പുല്കാനെത്തിക്കൊണ്ടിരുന്നു. കൊഴിഞ്ഞ ഇലകളിലും പുല്‍ക്കൊടികളിലും തിങ്ങി നിന്നിരുന്ന മകരമാസമഞ്ഞിനെ വകവയ്ക്കാതെ ഞാന്‍ നടന്നു. മകരമാസത്തിലെ തണുപ്പിന്റെ കാഠിന്യം എന്താണെന്ന് അറിഞ്ഞു തുടങ്ങിയിട്ട് ഇന്ന് കൃത്യം പതിനേഴു ദിവസം.
പതിനേഴു ദിവസങ്ങള്‍ക്കു മുന്‍പാണ് അവളെ ആദ്യമായി കണ്ടത്. എന്റെ ഇരുപത്തിരണ്ടാമത്തെ പിറന്നാള്‍ ദിനത്തില്‍!
മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്ന എന്നെ അച്ചമ്മയാണ് കുത്തി എഴുന്നേല്‍പ്പിച് അമ്പലത്തില്‍ കൊണ്ട് പോയത്. 'ഇരുപത്തിരണ്ടു മുതല്‍ കഷ്ടപ്പാടാ എന്റെ ഉണ്ണിക്ക്,' എന്ന്നു ഒരു നൂറുതവണ പോകുന്ന വഴിക്ക് പറയുകയും ചെയ്തു.
ശിവന്റെ അമ്പലത്തില്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കാനുള്ള രസ്സീത് വാങ്ങിത്തിരിയുംപോഴാണ് അവളെ കണ്ടത്. വെള്ളപ്പട്ടു പാവടയുമണിഞ്ഞു ചുണ്ടിലൊരു കുസൃതി ചിരിയുമായി പ്രായം ചെന്ന ഒരമ്മൂമ്മയുടെ കൂടെ എന്റെ നേര്‍ക് നടന്നു വരുന്നു. പക്ഷെ എന്നെ മൈന്‍ഡ് ചെയ്യാതെ അവര്‍ രസ്സീത് കൌണ്ടറിലേക്ക് പോയി. പിന്നെ അവിടുണ്ടായിരുന്ന സമയം മുഴുവനും അവള്‍ക്കു വേണ്ടി പരതുകയായിരുന്നു എന്റെ മിഴികള്‍. നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ അലയുകയായിരുന്നു എന്റെ മനസ്സ്.
ആദ്യമായി പ്രണയത്തില്‍ വീഴുന്നതിന്റെ എല്ലാ സുഖവും നൊമ്പരവും ഞാനപ്പോള്‍ അറിഞ്ഞു തുടങ്ങി...
അന്ന് തുടങ്ങിയതാണ്‌ രാവിലെയുള്ള ഈ ക്ഷേത്രദര്‍ശനം. അവള്‍ ക്ഷേത്രത്തില്‍ എന്നും വരും എന്ന് മനസ്സ് പറഞ്ഞിരുന്നു, അത് പോലെ തന്നെ അവള്‍ വന്നു, എല്ലാ ദിവസവും...മുടങ്ങാതെ..
പട്ടുപാവാടയും ബ്ലൌസുമണിഞ്ഞു, വിടര്‍ത്തിയിട്ട മുടിയില്‍ ഒരു തുളസ്സികതിരും ചൂടി, ഏതോ ഒരു കാല്‍പനിക പ്രണയകഥയിലെ നായികയെപ്പോലെ....
റബര്‍ തോട്ടത്തില്‍ നിന്നും അമ്പലത്തിലേക്ക് തിരിയുന്ന വഴിയില്‍ ഞാന്‍ ദിനവും അവള്‍ക്കു വേണ്ടി കാത്തു നിന്നു.
ദിവസങ്ങള്‍ പോകവേ അവളുടെ മുഖത്തെ അപരിചിതത്വം മായുന്നതും പിന്നെ അതൊരു ചെറിയ പുഞ്ചിരിക്കു വഴിമാറുന്നതും ഞാന്‍ കണ്ടു.അവളെ ഒന്നൊറ്റക്ക് കിട്ടിയാല്‍ സംസാരിക്കാനായി ഞാനൊരുപാട് കാര്യങ്ങള്‍ കരുതി വച്ചിരുന്നു,പക്ഷെ, അവളെ കാണുമ്പോള്‍ കാത്തു വച്ചിരുന്ന ദൈര്യമെല്ലാം എങ്ങോ പോയ്പ്പോകും.
അവളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി സംസാരിക്കണമെന്നും, പേര് ചോദിക്കണമെന്നുമൊക്കെ ഒരുപാട് വിചാരിച്ചതാണ്. പക്ഷെ ഒരു ഭയം...
ഇന്ന് ഞാനിത്തിരി നേരത്തെയാണോ? അതോ ഇന്ന് തണുപ്പിത്തിരി കൂടുതലാണോ? എന്നെ ചെറുതായി വിറക്കാന്‍ തുടങ്ങി. ഇനി പനിയെങ്ങാനും വരുമോ?
ഇന്നെന്തായാലും അവളോട്‌ ചോദിച്ചിട്ടേ ഉള്ളൂ എന്നുറപ്പിച്ചാണ് ഞാന്‍. അവള്‍ എന്നെ കടന്നു പോകുമ്പോള്‍ തന്നു കൊണ്ടിരുന്ന ചിരിയുടെ അര്‍ഥം ഞാന്‍ ഉദേശിക്കുന്നത് തന്നെ ആണോ എന്നറിയണം.
അതാ അവള്‍ വരുന്നു...
ഞാന്‍ മുണ്ടൊന്നു നേരെ പിടിച്ചിട്ടു. മുടിയോന്നു സ്പര്‍ശിച്ചു ശരിയാണെന്നുറപ്പ് വരുത്തി, അല്പം നേരെ മാറി നിന്നു.
പതിവ് പാവാടക്കും ബ്ലൌസ്സിനും പകരം ഇന്നവള്‍ ഒരു സെറ്റ്സാരി ആണുടുത്തിരിക്കുന്നത്.
എന്നെ കണ്ടതും അവളുടെ നടപ്പ് സാവധാനത്തിലായി. അവള്‍ തിരിഞ്ഞു നോക്കി. എന്റെ ഹൃദയമിടിപ്പിന് ശക്തി കൂടി.
അവള്‍ അടുത്ത് വരുമ്പോഴേക്കും പറയാനുള്ള വാക്കുകള്‍ ഞാന്‍ മനസ്സില്‍ ഒരുക്കൂട്ടി വച്ചു.
അവള്‍ വീണ്ടും തിരിഞ്ഞു നോക്കി. അവള്‍ ആരെയാണീ നോക്കുന്നത്.?
കുറച്ചകലെ നിന്നൊരാള്‍ വരുന്നുണ്ടായിരുന്നു. അവള്‍ ഒന്ന് നിന്നു. അയാള്‍ വന്നവളുടെ ഒപ്പം നിന്നു. അയാള്‍ ഒരു വെള്ള ഷര്‍ട്ടും മുണ്ടുമാണ് ഉടുത്തിരുന്നത്. എന്റെ പറയാം വരും, ആറടി പൊക്കത്തില്‍ വെളുത് ചുവന്നു ഒരു സിനിമാനടനെ പോലെ ഇരിക്കുന്ന ഒരാള്‍...
അവള്‍ ചിരിച്ചുകൊണ്ടയാളോട് എന്തോ പറഞ്ഞു. അയാള്‍ അവളെ തല്ലാന്‍ കൈയ്യോങ്ങി. അവള്‍ ആ കൈപിടിച്ച് തന്റെ കൈകളില്‍ കോര്‍ത്ത്‌ പതുക്കെ നടന്നു വന്നു. എന്റെ അടുത്തെത്തിയപ്പോള്‍, പതുക്കെ ഉയര്‍ന്ന്, അയാളുടെ ചെവിയില്‍ എന്തോ സ്വകാര്യം പരജ്നു ചിരിച്ചു.
എന്നെ കടന്നു പോകുമ്പോള്‍ പതിവുള്ള ചിരി എനിക്ക് തരാന്‍ അവള്‍ ഇന്നും മറന്നില്ല...എന്റെ ഹൃദയം തകരുകയായിരുന്നു. പടുത്തു കെട്ടിയിരുന്ന ചില്ല് കൊട്ടാരം തകര്‍ന്നു വീണു ഹൃദയത്തില്‍ ചോരപ്പുഴയോഴുകി തുടങ്ങിയിരുന്നു.
അവളുടെ സ്വകാര്യം കേട്ട അയാളും എന്നെ തിരിഞ്ഞു നോക്കി, ഒരു ചിരി ആ മുഖത്തുമുണ്ടായിരുന്നു. അയാള്‍ പതുക്കെ ഒരു കൈ മുകളിലേക്കുയര്‍ത്തി അവളെ ചേര്‍ത്ത് പിടിച്ചു നടന്നു പോയി..
കുറച്ചങ്ങു ചെന്നപ്പോള്‍ അവള്‍ വീണ്ടും തിരിഞ്ഞു നോക്കി. അവളുടെ മുകാതെ പുഞ്ചിരിക്കു പ്രകാശം കൂടുതലായിരുന്നു. എന്നെ കബളിപ്പിച്ചതിന്റെ, തിരു മണ്ടനാക്കിയതിന്റെ സന്തോഷതിലാകുമോ അത്?? അറിയില്ല....
പറയാന്‍ വച്ചിരുന്നതെല്ലാം എഴുതിയ കടലാസ് ചുരുട്ടി എറിഞ്ഞു, കങ്കളിലടിഞ്ഞു കൂടിയ കണ്ണീര്‍ കണങ്ങള്‍ മഞ്ഞിലേക്ക് വടിചെറിഞ്ഞു ഉദയസൂര്യനു നേര്‍ക്ക്‌ ഞാന്‍ നടന്നു പോയി....ഒരു നിരാശാ കാമുകന്റെ റോള്‍ ഭംഗിയാക്കിയ ചരിതാര്‍ത്യത്തോടെ.....

4 comments:

  1. തുടരന്‍ ആണല്ലേ?

    ReplyDelete
  2. @ ജയരാജ്മുരുക്കുംപുഴ....വളരെ നന്ദി വായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും..

    @ മിനിമോള്‍....ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിലും, അതിനെക്കാളുപരി ഒരു പിന്തുടര്ച്ചക്കാരി ആവാന്‍ സന്മനസ്സു കാട്ടിയതിനും...നന്ദി.....

    @ശ്രീ.....ഇതൊരു തുടരാന്‍ തന്നെ....ഒരു ഭാഗം എന്തായാലും വരും... വായിച്ചെങ്കില്‍ നന്ദി....


    എല്ലാവര്ക്കും...നന്ദി വീണ്ടും വരിക...

    ReplyDelete